Kerala
കെ എസ് ആര്‍ ടി സി: മാനേജ്‌മെന്റ് നിലപാടിനെതിരെ യൂണിയനുകള്‍, സമരം ശക്തമായി തുടരാന്‍ തീരുമാനം
ശമ്പളത്തിന് പണം സര്‍ക്കാരില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാന്‍ പറയുന്ന എം ഡിയുടെത് ധിക്കാരപരമായ നിലപാടാണെന്ന് സി ഐ ടി യു ആരോപിച്ചു.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായില്ല. മെയ് മാസത്തെ ശമ്പളം ഈമാസം അഞ്ചിനു മുമ്പ് നല്‍കണമെന്ന ജീവനക്കാരുടെ ആവശ്യം മാനേജ്മെന്റ് നിരസിച്ചു. ഇതോടെ സി ഐ ടി യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു. സമരം മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. ശമ്പളത്തിന് പണം സര്‍ക്കാരില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാന്‍ പറയുന്ന എം ഡിയുടെത് ധിക്കാരപരമായ നിലപാടാണെന്ന് സി ഐ ടി യു ആരോപിച്ചു.
ശമ്പളം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്നും പണിമുടക്കിലേക്ക് യൂണിയനുകളെ തള്ളിവിടുകയാണെന്നും ഐ എന്‍ ടി യു സി ആരോപിച്ചപ്പോള്‍ വരുമാനമുണ്ടായിട്ടും ശമ്പളം നല്‍കാത്ത നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബി എം എസ് വ്യക്തമാക്കി. ഈമാസം ആറ് മുതല്‍ സംസ്ഥാന വ്യാപകമായി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് സി ഐ ടി യുവും ചീഫ് ഓഫീസിന് മുന്നില്‍ ഐ എന്‍ ടി യു സിയും അനിശ്ചിതകാല സമരത്തിന് തയാറെടുക്കുകയാണ്.