Editorial
വിത്ത് കുത്തി കഞ്ഞിവെക്കുന്ന കെ എസ് ആര്‍ ടി സി
നടപ്പുസാമ്പത്തിക വര്‍ഷം നാല് മാസക്കാലയളവില്‍ 750 കോടി രൂപയാണ് കോര്‍പറേഷന് ധനസഹായമായി സര്‍ക്കാര്‍ നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തിനിടെ 5,000 കോടി നല്‍കിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും മതിയാകാതെ സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ ഒന്നൊന്നായി പണയം വെക്കുകയും ചെയ്യുന്നു. എത്രകാലമാണ് ഈ വിധം കെ എസ് ആര്‍ ടി സിക്ക് മുന്നോട്ട് പോകാനാകുക?
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വാണിജ്യ സമുച്ചയങ്ങളും പണയം വെക്കുകയാണ് കെ എസ് ആര്‍ ടി സി. കെ ടി ഡി എഫ് സിക്ക് നല്‍കാനുള്ള 450 കോടി രൂപക്ക് പകരമായി തമ്പാനൂരിലെയും കോഴിക്കോട്ടെയും ഉള്‍പ്പെടെ കെ എസ് ആര്‍ ടി സി – കെ ടി ഡി എഫ് സി സംയുക്ത സംരംഭങ്ങളായ നാല് വാണിജ്യ സമുച്ചയങ്ങള്‍ കേരള ബേങ്കിന് ഈടായി നല്‍കാന്‍ തീരുമാനമായതായി കെ എസ് ആര്‍ ടി സി മേധാവി ബിജു പ്രഭാകരാണ് അറിയിച്ചത്. കെ ടി ഡി എഫ് സി സഹകരണ ബേങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുത്താണ് കെ എസ് ആര്‍ ടി സിക്ക് വായ്പ നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈടൊന്നുമില്ലാതെയായിരുന്നു വായ്പ. കെ എസ് ആര്‍ ടി സി കണ്‍സോര്‍ഷ്യം വായ്പയിലേക്ക് മാറിയപ്പോള്‍ കെ ടി ഡി എഫ് സിക്കുള്ള വരുമാനം കുറയുകയും സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കോര്‍പറേഷന്റെ സ്വത്തുക്കള്‍ ഈടു നല്‍കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള തീരുമാനത്തിലെത്തിയത്.
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ കടബാധ്യതകളും ഈടുവെപ്പും ഇതുകൊണ്ടവസാനിക്കുന്നില്ല. കെ എസ് ആര്‍ ടി സി ഭവന്‍, ഗ്യാരേജുകള്‍, ഡിപ്പോകള്‍ തുടങ്ങി 52 സ്ഥലങ്ങള്‍ നേരത്തേ ഏഴ് ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു ഈടു വെച്ച് 3,100 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയില്‍ 2,925.79 കോടി രൂപ ഇനിയും തിരിച്ചടക്കാനുണ്ടെന്ന് കഴിഞ്ഞ മാസം കോര്‍പറേഷന്‍ ഡെപ്യൂട്ടി ലോ ഓഫീസര്‍ ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 2014ലെ കണക്കനുസരിച്ച് 417.20 ഏക്കര്‍ സ്ഥലമാണ് കെ എസ് ആര്‍ ടി സിക്ക് സ്വന്തമായുള്ളത്. പട്ടയം ലഭിക്കാത്തതിനാല്‍ നികുതി അടക്കാനാകാത്ത കെട്ടിടങ്ങളടക്കമുള്ള 60 ഏക്കറും പാട്ടത്തിനെടുത്ത 17.33 ഏക്കറും ഇതില്‍ ഉള്‍പ്പെടും. ഡിപ്പോകളുടെയും മറ്റും ഭാഗമായുള്ള ഏകദേശം 26 ലക്ഷം ചതുരശ്ര അടി വരുന്ന ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടങ്ങളുമുണ്ട്. ഇതൊന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവ് കൊണ്ട് നേടിയതല്ല, സ്ഥാപനത്തെ ലാഭത്തിലാക്കാനെന്ന പേരില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത് സ്ഥാപിച്ചതാണ്. കടപ്പെരുപ്പം കൊണ്ട് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ ഇവ ഒന്നൊന്നായി ബേങ്കുകള്‍ക്കു തീറെഴുതി കൊണ്ടിരിക്കുകയാണിപ്പോള്‍.
സംസ്ഥാന സര്‍ക്കാറിനും നികുതിദായകരായ പൊതുജനത്തിനും എന്നും തലവേദനയാണ് കെ എസ് ആര്‍ ടി സി. ഇതര സംസ്ഥാനങ്ങളില്‍ പൊതുമേഖലയിലെ ബസ് സര്‍വീസുകള്‍ ലാഭകരമായും മികച്ച രീതിയിലും നടത്തപ്പെടുമ്പോള്‍, മാസാന്തം ജീവനക്കാരുടെ ശമ്പളത്തിനു പോലും സര്‍ക്കാറിനെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് കേരളത്തിലെ ഈ പൊതുമേഖല. ഏപ്രിലിലെ കണക്കനുസരിച്ച് 5,422 ബസുകളുണ്ട് കോര്‍പറേഷന്. കാര്യക്ഷമമായി സര്‍വീസ് നടത്താനായാല്‍ നല്ല വരുമാനമുണ്ടാക്കാനും ഈ വരുമാനം കൊണ്ട് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയവ നല്‍കാനും വായ്പകളുടെ തിരിച്ചടവിനും സാധിക്കും. പക്ഷേ സര്‍ക്കാറിന്റെയും മാനേജ്മെന്റിന്റെയും പിടിപ്പുകേട് കൊണ്ടും തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും ഒരു വിഭാഗം ജീവനക്കാരുടെയും നിസ്സഹകരണം മൂലവും ബസുകള്‍ പൂര്‍ണമായി നിരത്തിലിറക്കാനോ കൃത്യമായി ഓടിക്കാനോ പറ്റാത്ത സ്ഥിതിയാണ്.
കെ എസ് ആര്‍ ടി സി ബസുകളില്‍ 20 ശതമാനം എപ്പോഴും കട്ടപ്പുറത്താണെന്ന് മാര്‍ച്ചില്‍ സര്‍ക്കാറിന് നല്‍കിയ റിപോര്‍ട്ടില്‍ കെ എസ് ആര്‍ ടി സി മേധാവി പറയുന്നു. കോര്‍പറേഷന് ആവശ്യത്തിനു വര്‍ക്ഷോപ്പുകളും മെക്കാനിക്കുകളുമുണ്ട്. ആവശ്യമായ സ്പെയര്‍പാര്‍ട്സുകള്‍ സമയത്തിന് എത്തിച്ചു കൊടുക്കുന്നുമുണ്ട്. എന്നിട്ടും ബസുകള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് ഇറക്കുന്നതില്‍ കടുത്ത കാലതാമസമാണ് നേരിടുന്നതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിംഗിള്‍ ഡ്യൂട്ടി സംവിധാനം അട്ടിമറിക്കാനായി ജോലിക്കാര്‍ മനപ്പൂര്‍വം താമസം വരുത്തുകയാണെന്ന് സന്ദേഹിക്കപ്പെടുന്നുണ്ട്. 1,000-1,100 ബസുകള്‍ കട്ടപ്പുറത്താണ്. ഇവയില്‍ 800 ബസുകള്‍ കൂടി നിരത്തിലിറക്കിയാല്‍ മാസം 25 കോടി രൂപ അധിക വരുമാനം നേടാനാകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കി പൊളിക്കണമെന്നാണ് നിയമമെങ്കിലും 15 വര്‍ഷത്തിലധികം പഴക്കമുള്ള 247 കെ എസ് ആര്‍ ടി സി ബസുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സര്‍ക്കാറില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങിയിട്ടുമുണ്ട്. പക്ഷേ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറണമെന്ന് ജീവനക്കാര്‍ക്ക് കൂടി ചിന്ത വേണ്ടേ? ജീവനക്കാരുടെ പെരുപ്പമാണ് സ്ഥാപനത്തിന്റെ മറ്റൊരു ശാപം.
നിലവില്‍ 25,000 ജീവനക്കാരുണ്ട് കെ എസ് ആര്‍ ടി സിയില്‍. ഒരു ബസും ജീവനക്കാരുടെ എണ്ണവും തമ്മിലുള്ള ആനുപാതമനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജീവനക്കാരുടെ എണ്ണം 15,000ത്തിലേക്കെത്തിക്കാനായാല്‍ നിലവിലെ മാസാന്ത ശമ്പളച്ചെലവ് 83 കോടി രൂപയില്‍ നിന്ന് 50 കോടി രൂപയായി കുറക്കാനാകും. പ്രതിവര്‍ഷം 1,500നും 2,000നും ഇടക്ക് ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് വിരമിച്ചു കൊണ്ടിരിക്കെ അഞ്ച് വര്‍ഷത്തേക്കെങ്കിലും നിയമന നിരോധനം നടപ്പാക്കിയാല്‍ ജീവനക്കാരുടെ എണ്ണം 15,000ത്തില്‍ എത്തിക്കാനാകുമെന്ന് കോര്‍പറേഷന്‍ സര്‍ക്കാറിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് വിവിധ കമ്മീഷനുകള്‍ പല നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. മെയ്യനങ്ങാതെ ശമ്പളം വാങ്ങുന്ന തൊഴിലാളി നേതാക്കളുടെ എതിര്‍പ്പ് മൂലം അതൊന്നും നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇത്തരക്കാരെ നിലക്കു നിര്‍ത്തി പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാറിനുമില്ല. സ്ഥാപനത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിരന്തരം സഹായിക്കേണ്ടി വരുന്നുവെന്നതാണ് ഇതിന്റെ അനന്തരഫലം. നടപ്പുസാമ്പത്തികവര്‍ഷം നാല് മാസക്കാലയളവില്‍ 750 കോടി രൂപയാണ് കോര്‍പറേഷന് ധനസഹായമായി സര്‍ക്കാര്‍ നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തിനിടെ 5,000 കോടി നല്‍കിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും മതിയാകാതെ സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ ഒന്നൊന്നായി പണയം വെക്കുകയും ചെയ്യുന്നു. എത്രകാലമാണ് ഈ വിധം കെ എസ് ആര്‍ ടി സിക്ക് മുന്നോട്ട് പോകാനാകുക