Kerala
കെ.എസ്.യു നടത്തുന്നത് ഏറ്റവും മോശമായ സമരാഭാസം; ആര്‍ ബിന്ദു
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാന്‍ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് അപഹാസ്യമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം| കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാന്‍ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് അപഹാസ്യമാണെന്നും അവര്‍ പറഞ്ഞു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂര്‍ണ്ണമായും റിട്ടേണിംഗ് ഓഫീസര്‍ക്കാണ്. അപാകതകള്‍ ആരോപിക്കപ്പെടുന്ന പക്ഷം അവ സര്‍വ്വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്.
നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാര്‍ക്കുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല, ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.
വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിന്‍സിപ്പല്‍ ചുമതല വഹിച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തില്‍ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവര്‍ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളജ് കവാടത്തിനു മുന്നില്‍ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ തുടങ്ങിയ നിരാഹാരം നിര്‍ത്തി പോയതെന്തിനെന്നും പറയണമെന്നും മന്ത്രി ബിന്ദു ആവശ്യപ്പെട്ടു.