ksu march
തലസ്ഥാനത്ത് ഇന്നു കെ എസ് യു ഡി ജി പി ഓഫീസ് മാര്‍ച്ച്; അക്രമാസക്തമായേക്കുമെന്നു സൂചന
എല്ലാ കെ എസ് യു പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍
തിരുവനന്തപുരം | തലസ്ഥാനത്ത് ഇന്നു കെ എസ് യു, ഡി ജി പി ഓഫീസ് മാര്‍ച്ചു നടത്തും. ഇന്നലെ സെക്രട്ടറിയറ്റിനു മുമ്പില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റമുട്ടുകയും പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കെ എസ് യു മാര്‍ച്ചിനെയും പോലീസ് ജാഗ്രതയോടെയാണു കാണുന്നത്.
നവ കേരള സദസ്സിനെതിരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പോലീസും സി പി എം പ്രവര്‍ത്തകരും അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കെ എസ് യു മാര്‍ച്ച്. പോലീസ് പിണറായിയുടെ അടമക്കൂട്ടം എന്നാരോപിച്ചാണു മാര്‍ച്ച്. എല്ലാ കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കണമെന്നു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും വലിയ വിദ്യാര്‍ഥി പങ്കാളിത്തം ഉണ്ടാവില്ലെന്നാണു പോലീസ് കരുതുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നേക്കുമെന്നും മാര്‍ച്ച് അക്രമാസക്തമാകാന്‍ സാധ്യതയുണ്ടെന്നുമാണു പോലീസ് കരുതുന്നത്.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. പൊതു മുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ അക്രമ സമരം നടത്തിയതിന്റെ പേരില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നു മാര്‍ച്ചില്‍ പങ്കെടുക്കുന്നവരെ ഇന്നലത്തെ പൊതുമുതല്‍ നശീകരണ കേസില്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
പിങ്ക് പോലീസ് ജീപ്പ് തകര്‍ത്തത് അടക്കം പൊതുമുതല്‍ നഷ്ടം കോടതിയില്‍ കെട്ടിവച്ചാല്‍ മാത്രമേ ഈ കേസില്‍ അറസ്റ്റിലാകുന്നവര്‍ക്കു ജാമ്യം ലഭിക്കുകയുള്ളൂ.
കേരളത്തിലെ പോലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്നാണു അലോഷ്യസ് സേവ്യറുടെ അഭ്യര്‍ഥന. നവകേരള സദസ്സിലേക്ക് ജനാധിപത്യപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ കാക്കിയണിഞ്ഞ പിണറായി ഭക്തര്‍ അഴിഞ്ഞാടുകയാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ കെ എസ് യു ജില്ല പ്രസിഡന്റുമാരായ എ ഡി തോമസിനും ഗോപു നെയ്യാറിനും വലിയ പരിക്കാണുണ്ടായത്. സംസ്ഥാന വ്യാപകമായി നിരവധി കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാ ര്‍ക്കാണ് പരുക്കേറ്റത്. മന്ത്രി ബിന്ദുവിനെതിരെ സമരം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം നെസിയ മുണ്ടപ്പിള്ളിയുടെ തല അടിച്ചു പൊട്ടിച്ച പൊലീസി നെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തെരുവുകളില്‍ ചോര തളം കെട്ടി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ഡി ജി പി ഓഫീസ് മാര്‍ച്ചില്‍ എല്ലാ സഹപ്രവര്‍ത്തകരും എത്തിച്ചേരണമെന്നാണ് അഭ്യര്‍ഥന.