Kerala
കണ്ണൂരില്‍ കെ എസ് യു നേതാവിന് ക്രൂരമര്‍ദനം
പത്തോളം വരുന്ന മുഖംമൂടി സംഘം അതിക്രമിച്ച് കയറി മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നു

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി പാലയാട് ക്യാമ്പസില്‍ കെ എസ് യു നേതാവിന് ക്രൂരമര്‍ദനം. രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിയും കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുല്‍ ബാലനെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ബിതുല്‍ ബാലനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പത്തോളം വരുന്ന മുഖംമൂടി സംഘം ബിതുല്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുമ്പുവടിയും സൈക്കിള്‍ ചെയിനുമായാണ് സംഘമെത്തിയത്. മിനുട്ടുകള്‍ നീണ്ട ആക്രമണത്തിനൊടുവില്‍ സംഘം ഹോസ്റ്റലില്‍നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.
യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നും തൃശൂര്‍ മാളയിലുണ്ടായ സംഘര്‍ഷത്തിന്റെ തിരിച്ചടിയാണ് ആക്രമണമെന്ന് സംശയിക്കുന്നതായും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.