Kerala
തിരുവനന്തപുരത്ത് കെ എസ് യു -പോലീസ് സംഘര്‍ഷം; വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരുക്ക്, നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
ചിത്തരഞ്ചന്‍ എംഎല്‍എയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

തിരുവനന്തപുരം | തലസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റ്മുട്ടി. മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ലാത്തിച്ചാര്‍ജും നടന്നു. ലാത്തി ചാര്‍ജില്‍ വനിതാ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കെ എസ് യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, പ്രതുല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
മന്ത്രിയുടെ വീടിന് മുന്നിലും പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ് യു ഉപരോധിച്ചു. ചിത്തരഞ്ചന്‍ എംഎല്‍എയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കന്റോമെന്റ് പോലീസ് വാഹനത്തിന്റെ താക്കോല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ് യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.