Connect with us

welfare pension

രണ്ട് രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ലെന്ന് കെ ടി ജലീൽ

ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയിൽ അഞ്ചിൽ ഒന്ന് പേർക്ക് കേരളത്തിൽ ലഭിക്കുന്ന ക്ഷേമ പെൻഷനെന്നും അദ്ദേഹം കുറിച്ചു.

Published

|

Last Updated

നാം കൊടുക്കുന്ന രണ്ട് രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ലെന്ന് ഡോ.കെ ടി ജലീൽ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്. മനുഷ്യന് ക്ഷേമമുണ്ടായാലേ മറ്റെല്ലാ ജീവജാലങ്ങൾക്കും ക്ഷേമമുണ്ടാകൂ. ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയിൽ അഞ്ചിൽ ഒന്ന് പേർക്ക് കേരളത്തിൽ ലഭിക്കുന്ന ക്ഷേമ പെൻഷനെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

62 ലക്ഷം പാവങ്ങൾക്ക് 1600 രൂപ വെച്ച് മാസം പെൻഷൻ കൊടുക്കാൻ ഉദ്ദേശം 1000 കോടി രൂപ വേണം. വർഷം ഏകദേശം 12000 കോടി. അതിലേക്കാണ് 2 രൂപ വെച്ച് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും സർക്കാർ സെസ്സ് ഏർപ്പെടുത്തിയത്. അതിനാണ് ചിലരിവിടെ ഹാലിളകിയത്. നമ്മുടെ മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് നൽകുന്നതിൽ ക്ഷേമ പെൻഷൻ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആരെയും ആശ്രയിക്കാതെ അവരുടെ ആരോഗ്യ കാലത്ത് മക്കളെയും കുടുംബത്തെയും പോറ്റിയതിന് സർക്കാർ നൽകുന്ന സമ്മാനം. ഇത് കേവലം 600 രൂപയായിരുന്നു UDF ഭരണ കാലത്ത്. അതും 34 ലക്ഷം പേർക്ക്.

നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്. മനുഷ്യന് ക്ഷേമമുണ്ടായാലേ മറ്റെല്ലാ ജീവജാലങ്ങൾക്കും ക്ഷേമമുണ്ടാകൂ. ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയിൽ അഞ്ചിൽ ഒന്നുപേർക്ക് കേരളത്തിൽ ലഭിക്കുന്ന ക്ഷേമ പെൻഷൻ.
വിഷുവും ചെറിയ പെരുന്നാളും തൊട്ടടുത്ത് വരുന്നതിനാൽ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് നൽകുന്നത്. 62 ലക്ഷം മനുഷ്യരുടെ മുഖത്ത് വിരിയുന്ന ആശ്വാസവും സന്തോഷവും ഇടകലർന്ന ചിരിക്ക് പകരം വെക്കാൻ ലോകത്ത് വേറെയെന്തുണ്ട്?രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ.

Latest