Connect with us

Kerala

ചുവപ്പിനെ കാവിയാക്കിയ കുബുദ്ധിയിലൂടെ പുറത്തുവന്നത് ജമാഅത്തെ ഇസ്ലാമിയുടെ തനിനിറമാണെന്ന് കെ ടി ജലീൽ

മീഡിയാ വണ്ണും മാധ്യമവും അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്ന "അമീറു"മാരുടെ കണ്ണും മനസ്സും കൂടി ആ ക്യാമറയോടൊപ്പം മാറ്റണമെന്നും ജലീൽ കുറിച്ചു.

Published

|

Last Updated

മലപ്പുറം | ചുവപ്പിനെ കാവിയാക്കിയ കുബുദ്ധിയിലൂടെ പുറത്തു വന്നത് ജമാഅത്തെ ഇസ്ലാമിയുടെ തനിനിറമാണെന്ന് കെ ടി ജലീൽ എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു. യഥാർഥ പ്രശ്നം ക്യാമറയുടെതല്ല. അതുപയോഗിക്കുന്നവരുടെതും നിയന്ത്രിക്കുന്നവരുടെതുമാണ്. മീഡിയാ വണ്ണും മാധ്യമവും അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്ന “അമീറു”മാരുടെ കണ്ണും മനസ്സും കൂടി ആ ക്യാമറയോടൊപ്പം മാറ്റണമെന്നും ജലീൽ കുറിച്ചു. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി പി എം അണികൾ ചുവന്ന റിബൺ കെട്ടി പാട്ടുപാടി വോട്ടുപിടിച്ച ദൃശ്യം മീഡിയ വൺ ചാനലിൽ നിറം മാറി വന്ന സംഭവമാണ് കെ ടി ജലീലിൻ്റെ പരിഹാസത്തിന് കാരണം. മീഡിയ വൺ ദൃശ്യം അനുസരിച്ച് അണികൾ തലയിൽ കെട്ടിയ റിബണിൻ്റെ നിറം കാവിയായിരുന്നു. സംഭവത്തിൽ ചാനൽ മാപ്പ് പറഞ്ഞിട്ടുണ്ട്. ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ താഴെ വായിക്കാം:

12 വയസ്സായ പാവം ക്യാമറ!!!
ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ മീഡിയാവണ്ണിലുണ്ട്.
എന്നാൽ ആ ക്യാമറ പച്ചയെ കാവിയാക്കില്ല. ത്രിവർണ്ണത്തിലെ കുങ്കുമ നിറത്തെയും കാവിയാക്കില്ല. കേരള കോൺഗ്രസ്സിൻ്റെ കൊടിയിലെ ചുവപ്പിനെയും കാവിയാക്കില്ല. എന്തിന് ആർ.എസ്.പിയുടെ ചുവപ്പിനേയോ സി.എം.പിയുടെ ചുവപ്പിനേയോ കാവിയാക്കില്ല.
സി.പി.ഐ.എമ്മിൻ്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുള്ള 12 വർഷം പഴക്കമുള്ള ക്യാമറയുടെ “പുത്തി” അപാരം തന്നെ!
ചുവപ്പിനെ കാവിയാക്കിയ ആ ക്യാമറയുടെ നിർമ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. അപാര ശേഷിയുള്ള ആ ക്യാമറക്കണ്ണുകൾ തേടി അവരുടെ പ്രതിനിധികൾ മീഡിയാവണ്ണിലേക്ക് കുതിച്ചതായാണ് കരക്കമ്പി!
മീഡിയാ വണ്ണും മാധ്യമവും അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്ന “അമീറു”മാരുടെ കണ്ണും മനസ്സും കൂടി ആ ക്യാമറയോടൊപ്പം മാറ്റണം. യഥാർത്ഥ പ്രശ്നം ക്യാമറയുടേതല്ല. അതുപയോഗിക്കുന്നവരുടേതും നിയന്ത്രിക്കുന്നവരുടേതുമാണ്.
ഒപ്പിയെടുക്കുന്ന ദൃശ്യത്തിലെ പിഴവനുസരിച്ച് വാർത്തൾ തയ്യാറാക്കുന്ന മീഡിയാവണ്ണിലെ ക്യാമറ, ഒരൽഭുത ക്യാമറ തന്നെ!
ജമാഅത്തെ ഇസ്ലാമിയുടെ തനിനിറമാണ് ചുവപ്പിനെ കാവിയാക്കിയ കുബുദ്ധിയിലൂടെ പുറത്തു വന്നത്. കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ? നായയുടെ വാൽ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ ഇരിക്കും!
ഒരുമാസത്തിനുള്ളിൽ സി.പി.ഐ.എമ്മിനോട് മാത്രം മീഡിയാവണ്ണിൻ്റെ രണ്ടു മാപ്പ്. ഒന്ന് സഖാവ് എ.സി മൊയ്തീൻ്റെ “18” കോടി ഇ.ഡി കണ്ടുകെട്ടി എന്ന കള്ള വാർത്തയുമായി ബന്ധപ്പെട്ട്! മറ്റൊന്ന് ചുവപ്പിനെ കാവിയാക്കിയ കൺകെട്ടിനെ ചൊല്ലി!! മാപ്പുകൾ ഇനിയും നിർലോഭം ചോദിക്കാൻ “ചന്തു”വിൻ്റെ ജീവിതം പിന്നെയും ബാക്കി!!!
12 തികഞ്ഞ പ്യാവം ക്യാമറ!!!

Latest