First Gear
കെ ടി എം കടത്തില്‍; പിടിച്ചുനില്‍ക്കാന്‍ 8000 കോടിയെങ്കിലും വേണം
നിലവില്‍ കമ്പനിയുടെ കടം 1.47 ബില്യണ്‍ യൂറോയായി (ഏകദേശം 13,000 കോടിയോളം രൂപ) ഉയര്‍ന്നെന്ന് പ്രസ്താവനയില്‍ പറയുന്നു.
ലോകത്തെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ കെ ടി എം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ഓസ്ട്രേലിയന്‍ കമ്പനിയായ പിയറര്‍ മൊബിലിറ്റി എജിയുടെയും ഇന്ത്യന്‍ കമ്പനിയായ ബജാജിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് കെ ടി എം. പിയറര്‍ മൊബിലിറ്റിക്ക് 50.1 ശതമാനവും ബജാജിന് 49.9 ശതമാനവും ഷെയര്‍ കമ്പനിയില്‍ ഉണ്ട്. നിലവില്‍ തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് പിയറര്‍ മൊബിലിറ്റി തന്നെയാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
നിലവില്‍ കമ്പനിയുടെ കടം 1.47 ബില്യണ്‍ യൂറോയായി (ഏകദേശം 13,000 കോടിയോളം രൂപ) ഉയര്‍ന്നെന്ന് പ്രസ്താവനയില്‍ പറയുന്നു. 2023 അവസാനം ഇത് 775.9 ദശലക്ഷം യൂറോയായിരുന്നു (7000 കോടിയോളം രൂപ). ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനി നേരത്തേ എല്ലാ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരുന്നു. കുറേ ജീവനക്കാരെ പിരിച്ചുവിടുകയും ബിസിനസുകളില്‍ ചെലവ് കുറയ്ക്കുകയും ചെയ്തു. എങ്കിലും പിടിച്ചുനില്‍ക്കാന്‍ 100 മില്യണ്‍ യൂറോ (ഏകദേശം 8,000 കോടി രൂപ) എങ്കിലും വേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്.
യു എസ് മാര്‍ക്കറ്റില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നതാണ് കെ ടി എമ്മിന്റെ നഷ്ടം ഇരട്ടിയാക്കിയത്. ഈ വര്‍ഷം സെപ്തംബര്‍ വരെ യു എസില്‍ മാത്രം വില്‍പ്പനയില്‍ 14.6 ശതമാനം ഇടിവുണ്ടായി. നഷ്ടം കുറയ്ക്കാന്‍ ലോകവ്യാപകമായി ഉല്‍പ്പാദനവും ഡീലര്‍ഷിപ്പും കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യയിലെ കെ ടി എം ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കുന്നത് ബജാജ് ആണ്.