Kerala
കെ ടി യു വൈസ് ചാന്‍സലര്‍ വിഷയത്തില്‍ അയഞ്ഞ് ഗവര്‍ണര്‍; സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് രാജ്ഭവന്‍
ഹൈക്കോടതിയില്‍ നിന്ന് ഏറ്റ തിരിച്ചടിക്ക് ശേഷമാണ് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിച്ചു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഏറ്റ തിരിച്ചടിക്ക് ശേഷമാണ് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാസങ്ങളോളം നീണ്ട സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെയാണ് സര്‍ക്കാര്‍ നിലപാടുകള്‍ക്ക് മുന്നില്‍ രാജ്ഭവന്‍ വഴങ്ങുന്നത്. വി സിയായ സിസ തോമസ് ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് തീരുമാനം. സിസ തോമസിന് പകരം ഡിജിറ്റല്‍ സര്‍വകലാശാലാ വി സിക്കോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മറ്റാര്‍ക്കെങ്കിലുമോ ചുമതല കൈമാറാമെന്നും രാജ്ഭവന്‍ വ്യക്തമാക്കി.
സര്‍വകലാശാലാ ബില്ലില്‍ ഉള്‍പ്പടെ ഗവര്‍ണര്‍ മാസങ്ങളായി ഒപ്പിടാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട രാജ്ഭവന്റെ നിലപാടുകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കൂടിയാണ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണ് സിസാ തോമസിനെ കെ ടി യു വി സിയായി താത്കാലിമായി നിയമിച്ചത്. ഗവര്‍ണറാണ് നിയമനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെ സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് വി സിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുത്തത്.