Connect with us

From the print

സുരേഷ് ഗോപിക്ക് പ്രശംസ; തൃശൂർ മേയർക്കെതിരെ സി പി ഐയിൽ പടയൊരുക്കം

വിശദീകരണം തേടി സി പി എം

Published

|

Last Updated

തൃശൂർ | കോർപറേഷൻ മേയർ എം കെ വർഗീസിനെതിരെ സി പി ഐ നേതൃത്വം രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സുരേഷ് ഗോപിയെ പ്രകീർത്തിച്ച് മേയർ നടത്തിയ പ്രസ്താവനയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാടുമാണ് സി പി ഐയെ ചൊടിപ്പിച്ചത്.
സുരേഷ് ഗോപിയുമായുള്ള മേയറുടെ കൂട്ടുകെട്ട് എൽ ഡി എഫിന് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് സി പി ഐ ജില്ലാ നേതൃത്വം. എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച വി എസ് സുനിൽകുമാറും സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും മേയറുടെ നിലപാടിൽ അസംതൃപ്തരാണ്. തൃശൂരിന്റെ എം പിയാകാൻ സുരേഷ് ഗോപി എന്തുകൊണ്ടും യോഗ്യനാണെന്ന് മേയർ നടത്തിയ പ്രസ്താവനക്കെതിരെയാണ് സി പി ഐ രംഗത്ത് വന്നത്. വി എസ് സുനിൽകുമാറിന്റെ തോൽവിക്ക് മേയറുടെ പ്രസ്താവന ഇടയാക്കിയെന്നാണ് ഇടതുമുന്നണിക്കുള്ളിലെ പൊതുഅഭിപ്രായം.

ബി ജെ പി സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് വേണ്ടി മേയർ എം കെ വർഗീസ് പ്രവർത്തിച്ചുവെന്ന സുനിൽ കുമാറിന്റെ ആരോപണമാണ് പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കമിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മേയറിൽ നിന്നുണ്ടായ പ്രസ്താവന എൽ ഡി എഫിന്റെ പരാജയ കാരണങ്ങളിലൊന്നായെന്നും വർഗീസിനെ നീക്കാൻ നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് മാധ്യമങ്ങളോട് പറഞ്ഞു. മേയർ ബി ജെ പിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നുള്ളത് വി എസ് സുനിൽ കുമാറിന് ബോധ്യപ്പെട്ട കാര്യമാകാമെന്ന് വ്യക്തമാക്കിയ വത്സരാജ്, പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അറിയിച്ചു.
സി പി ഐയുടെ അതൃപ്തിക്ക് പിന്നാലെ മേയർ എം കെ വർഗീസിനെ സി പി എം വിളിച്ചുവരുത്തി. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നലെ വൈകിട്ടായിരുന്നു സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ് മേയറുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ജില്ലാ സെക്രട്ടറി തന്നെ വിളിച്ചുവരുത്തിയതല്ലെന്നും മറ്റൊരാവശ്യത്തിന് പോയപ്പോൾ ഇക്കാര്യം ചർച്ച ചെയ്തതാണെന്നുമായിരുന്നു മേയറുടെ പ്രതികരണം.

വർഗീസിന്റെ പിന്തുണകൊണ്ടാണ് തൃശൂർ കോർപറേഷൻ ഭരണം ഇടതുമുന്നണി നിലനിർത്തുന്നത്. തുടക്കത്തിൽ രണ്ടു വർഷത്തേക്ക് വർഗീസിന് മേയർ സ്ഥാനം നൽകാമെന്നായിരുന്നു ഇടതുമുന്നണി ഉണ്ടാക്കിയ ധാരണ. എന്നാൽ, വർഗീസ് മേയർ സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. നിലവിൽ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.

55 അംഗ കൗൺസിലിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സമയത്താണ് കോൺഗ്രസ്സ് വിമതനായ എം കെ വർഗീസിനെ പിന്തുണച്ച് കോർപറേഷൻ ഭരണം എൽ ഡി എഫ് പിടിച്ചെടുത്തത്.

Latest