Articles
9000 കോടിയും കടന്ന് കുടുബശ്രീ നിക്ഷേപം
നിക്ഷേപത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെയാണ് ഏറ്റവുമധികം കുതിപ്പ് ഉണ്ടായത്.

സ്ത്രീകളുടെ സ്വയം പര്യാപ്തതയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട്
1998 ല്‍ ആരംഭിച്ച കുടുംബശ്രീയെക്കുറിച്ച് നിങ്ങള്‍ക്കറിയാമായിരിക്കും. എന്നാല്‍
ഓരോ അംഗവും ആഴ്ചയില്‍ പത്തുരൂപ മാത്രം നിക്ഷേപിച്ച് തുടങ്ങിയ കുടുംബശ്രീയുടെ ഇന്നത്തെ ആസ്തിയെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ ?
സംസ്ഥാനത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിവിധ ബേങ്കുകളിലായുള്ള നിക്ഷേപം 9,369 കോടി രൂപ. നിക്ഷേപത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെയാണ് ഏറ്റവുമധികം കുതിപ്പ് ഉണ്ടായത്. ഒന്‍പതുവര്‍ഷം കൊണ്ട് കുടുബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബേങ്കുകളില്‍ നിക്ഷേപിച്ചത് 7,076.06 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്ലാ അംഗങ്ങളും ആഴ്ചയില്‍ കുറഞ്ഞത് 10 രൂപ നിക്ഷേപിക്കണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി ആരംഭിച്ചത്.ആഴ്ചതോറും നല്‍കുന്ന ചെറു തുകയാണ് ഇത്രവലിയ സമ്പാദ്യമായി മാറിയത്. ആഴ്ചസമ്പാദ്യത്തിലൂടെ ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീ ഇതിലൂടെ നേടി.
സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനും 1998 മുതല്‍ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് സമ്പാദ്യപദ്ധതി തുടങ്ങിയത്. ഇതുവരെയുള്ള മൊത്തം നിക്ഷേപം 9,369 കോടി രൂപ വരുമെങ്കിലും ഒന്‍പതു വര്‍ഷത്തിനിടെയാണ് വന്‍ കുതിപ്പുണ്ടായത്.
തുടക്കത്തില്‍ ചുരുക്കം ചില ജില്ലകളിലായിരുന്നു അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനം. 2008ഓടെ അത് സംസ്ഥാനമെങ്ങും വ്യാപിപ്പിച്ചു. ഇപ്പോള്‍ 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളുണ്ട്. 48 ലക്ഷത്തോളം അംഗങ്ങളും. ആദ്യഘട്ടത്തില്‍ ഓരോ അംഗവും കുറഞ്ഞത് പത്തുരൂപ വീതമാണ് ആഴ്ചതോറും നിക്ഷേപിച്ചത്. ഘട്ടംഘട്ടമായി തുക കൂട്ടി. സാമ്പത്തികശേഷിക്കനുസരിച്ചാണ് ഇപ്പോള്‍ നിക്ഷേപത്തുക നിശ്ചയിക്കുന്നത്. കിട്ടുന്ന തുക ഓരോ ആഴ്ചയും ബേങ്ക് നിക്ഷേപമാക്കും. കൂടാതെ, 2024-25 കാലയളവില്‍ കുടുംബശ്രീ നടത്തിയ സുസ്ഥിര ത്രിഫ്റ്റ് ആന്‍ഡ് ക്രെഡിറ്റ് കാംപെയ്‌നിലൂടെ അയല്‍ക്കൂട്ട അംഗങ്ങളുടെ ശരാശരി പ്രതിവാര സമ്പാദ്യം ഗണ്യമായി വര്‍ദ്ധിച്ചു.
വലിയ നടപടിക്രമങ്ങളില്ലാതെ നാലുശതമാനം പലിശയ്ക്ക് അംഗങ്ങള്‍ക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായി വായ്പയെടുക്കാനുള്ള സൗകര്യവുമുണ്ട്. സ്വന്തം നിക്ഷേപത്തെക്കാള്‍ കൂടുതല്‍ വായ്പയെടുക്കാന്‍ മറ്റംഗങ്ങളുടെ സമ്മതം മതി. പരസ്പര ജാമ്യത്തിലും വായ്പയെടുക്കാം. ഈ വായ്പകള്‍ നേടുന്നതിലൂടെ, സ്വകാര്യ വായ്പാ ദാതാക്കളുടെ കടക്കെണി ഒഴിവാക്കാനും കഴിയും. ഇന്നുവരെ, 28,723.89 കോടി രൂപ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ആഭ്യന്തര വായ്പകളുടെ രൂപത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.
എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സ്വന്തമായി ബേങ്ക് അക്കൗണ്ടുകളുണ്ട്. ഇതുവരെ 3.07 ലക്ഷം അയല്‍ക്കൂട്ട അക്കൗണ്ടുകള്‍ ബേങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സ്വന്തമായി ബേങ്കിങ് ഇടപാടുകള്‍ നടത്താനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനും പ്രാപ്തമാക്കി. ”സാധാരണ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി 1998 മുതല്‍ കുടുംബശ്രീ നടപ്പിലാക്കി വരുന്ന മൈക്രോ-ഫിനാന്‍സ് പദ്ധതിയുടെ ഭാഗമാണ് അയല്‍ക്കൂട്ട തലത്തില്‍ സമ്പാദ്യം സൃഷ്ടിക്കല്‍. ഇതുവരെ അയല്‍ക്കൂട്ട അംഗങ്ങള്‍ നടത്തിയ വലിയ നിക്ഷേപമാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്,” കുടുംബശ്രീയുടെ ചുമതകയുള്ള ഉദ്യോഗസ്ഥന്‍ പറയുന്നു.