Kudumbasree
ലോകത്തെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ പെണ്‍കരുത്ത്
തിരുവനന്തപുരം | കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വലിയ പങ്കുവഹിച്ച കുടുംബശ്രീ രൂപവത്ക്കരിക്കപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷം. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇക്കാലയളവില്‍ ഈ പെണ്‍കരുത്ത് നല്‍കിയ സംഭവാന ചെറുതല്ല. കേരളം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ പുനരുജ്ജീവനത്തിനായി ഏഴ് കോടി രൂപയാണ് കുടുംബശ്രീ നല്‍കിയത്.
കേരളത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്ന കുടുംബശ്രീയില്‍ ഇന്ന് 45 ലക്ഷം അംഗങ്ങളായുള്ളത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാന്‍ കുടുംബശ്രീ അടുക്കള്‍ ഇന്ന് നാടെങ്ങുമുണ്ട്. ചെറുകിട വ്യവസായങ്ങള്‍, കൃഷിയടക്കമുള്ള മറ്റ് ഉത്പ്പാദ മേഖലകളിലും ഇന്ന് കുടുംബശ്രീ സജീവമാണ്.
ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ല്‍ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1999 ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങി.
സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സര്‍ക്കാറിന്റെ സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ ജന പദ്ധതിയുമായി സഹകരിച്ച് കേരള സര്‍ക്കാര്‍, ദേശീയ കാര്‍ഷിക ഗ്രാമവികസന ബേങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കല്‍. പൂര്‍ണമായും സംസ്ഥാന തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്.