Kerala
കുളപ്പുള്ളി തൊഴില്‍ തര്‍ക്കം; സമവായ ചര്‍ച്ച വീണ്ടും പരാജയം
സ്ഥാപന ഉടമ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് സി ഐ ടി യു തൊഴിലാളികള്‍ സമരം ആരംഭിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ സമവായ ചര്‍ച്ചയാണ് പരാജയപ്പെട്ടത്.

പാലക്കാട് | കുളപ്പുള്ളി തൊഴില്‍ തര്‍ക്ക കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. സ്ഥാപന ഉടമ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടര്‍ന്ന് സി ഐ ടി യു തൊഴിലാളികള്‍ സമരം ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ ലേബര്‍ ഓഫീസില്‍ നടത്തിയ സമവായ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കയറ്റിറക്കിന് അഞ്ച് തൊഴിലാളികളെയെങ്കിലും വെക്കണമെന്ന് സി ഐ ടി യു ആവശ്യപ്പെട്ടു. എന്നാല്‍, കോടതി വിധി നടപ്പിലാക്കണമെന്ന നിലപാടില്‍ കടയുടമ ഉറച്ച് നില്‍ക്കുകയായിരുന്നു.
പ്രകാശ് സ്റ്റീല്‍സ് ഉടമയും ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിയുമായ ജയപ്രകാശ് തന്റെ സ്ഥാപനത്തില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സ്ഥാപനത്തിനു മുമ്പില്‍ ഷെഡ് കെട്ടി സി ഐ ടി യു തൊഴിലാളികള്‍ സമരം ആരംഭിച്ചു.
കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് ഓപറേറ്റര്‍മാര്‍ മതിയെന്നാണ് ജയപ്രകാശ് പറയുന്നത്. എന്നാല്‍ ചാക്ക് കയറ്റാനും ഇറക്കാനും കൂടുതല്‍ തൊഴിലാളികള്‍ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴില്‍ നിഷേധമാണെന്നും സി ഐ ടി യു ആരോപിക്കുന്നു. യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ തൊഴിലാളികള്‍ വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സി ഐ ടി യു പുറത്തുവിട്ടു. എന്നാലിത് ട്രയല്‍ റണ്‍ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. തുടര്‍ന്ന് രണ്ടുപേര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തൊഴിലുടമയും പുറത്തുവിട്ടു.
മൂന്ന് മാസം മുമ്പാണ് ജയപ്രകാശ് സ്ഥാപനത്തില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയിലും സമവായം കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നും ചര്‍ച്ച നടത്തിയത്.