Connect with us

Ongoing News

കറക്കി വീഴ്ത്തി കുല്‍ദീപ്; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 41 റണ്‍സ് ജയം, ഫൈനലില്‍

സ്‌കോര്‍: ഇന്ത്യ- 49.1 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്ത്. ശ്രീലങ്ക- 41.3 ഓവറില്‍ 172.

Published

|

Last Updated

കൊളംബോ | ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ തങ്ങളുടെ രണ്ടാം മത്സരവും മികച്ച നിലയില്‍ ജയിച്ച് ഇന്ത്യ. ശ്രീലങ്കയെ 41 റണ്‍സിനാണ് ഇന്ത്യ തറപറ്റിച്ചത്. സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങള്‍ ജയിച്ചതോടെ ഇന്ത്യ ഫൈനലിന് യോഗ്യത നേടി.

ദുനിത് വെല്ലലാഗെ പിടിച്ചുനിന്ന് പൊരുതിയപ്പോള്‍ ഒരു ഘട്ടത്തില്‍ ലങ്ക മത്സരം തങ്ങള്‍ക്കനുകൂലമാക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കറങ്ങുന്ന പന്തുകളെ ജയം വരെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. സ്‌കോര്‍: ഇന്ത്യ- 49.1 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്ത്. ശ്രീലങ്ക- 41.3 ഓവറില്‍ 172 റണ്‍സ്.

46 പന്തില്‍ 42 റണ്‍സെടുത്ത ദുനിത വെല്ലലാഗെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 66ല്‍ 41 നേടിയ ധനഞ്ജയ ഡിസില്‍വയും മികച്ച പ്രകടനം കാഴ്ചവച്ചു. കുശാല്‍ മെന്‍ഡിസ്, സദീറ സമരവിക്രമ, ചരിത് അലസലംഗ എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍.

9.3 ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 4.53 ശരാശരിയില്‍ 43 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറയും രവിന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് കരുത്തിലാണ് 213ല്‍ എത്തിയത്. രോഹിത് 48 പന്തില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 53 റണ്‍സ്് നേടി. കെ എല്‍ രാഹുല്‍ 44ല്‍ 39 കണ്ടെത്തിയപ്പോള്‍ ഇശാന്‍ കിഷന്‍ 61ല്‍ 33ഉം
അക്‌സര്‍ പട്ടേല്‍ 36ല്‍ 26ഉം റണ്‍സ് സ്വന്തമാക്കി. 25 പന്ത് നേരിട്ട ശുഭ്മന്‍ ഗില്‍ 19 റണ്‍സെടുത്തു.

ദുനിത് വെല്ലലാഗെ തന്നെയാണ് ഇന്ത്യയെ ചുരുങ്ങിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 10 ഓവര്‍ എറിഞ്ഞ വെല്ലലാഗെ നാല് ശരാശരിയില്‍ 40 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ അഞ്ച് വിക്കറ്റാണ് കടപുഴക്കിയത്. ഒമ്പത് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ചരിത് അസലംഗയും ശ്രീലങ്കക്കായി നന്നായി പന്തെറിഞ്ഞു. മഹീഷ് തീക്ഷണ അവശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കി.

 

Latest