Connect with us

National

കുംഭമേള ദുരന്തം: മരിച്ചവരുടെ കണക്ക് കേന്ദ്രം മറച്ചുവെക്കുന്നുവെന്ന് അഖിലേഷ് യാദവ്

തിക്കും തിരക്കും ഉണ്ടായ സ്ഥലത്ത് തെളിവുകൾ നശിപ്പിക്കാൻ ജെസിബി ഉപയോഗിച്ചതായും അഖിലേഷ് യാദവ് പാർലിമെന്റിൽ കുറ്റപ്പെടുത്തി

Published

|

Last Updated

ന്യൂഡൽഹി | ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ ജനുവരി 29-ന് മഹാ കുംഭ മേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ കേന്ദ്രം മറച്ചുവെക്കുന്നുവെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 30 പേർ മരിച്ചതായും 60 പേർക്ക് പരുക്കേറ്റതായുമാണ് സർക്കാർ കണക്ക്. എന്നാൽ യഥാർഥ സംഖ്യ ഇതിലും വളരെ കൂടുതലാണെന്ന് ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെ അഖിലേഷ് യാദവ് ആരോപിച്ചു.

കേന്ദ്ര സർക്കാർ തുടർച്ചയായി ബജറ്റ് കണക്കുകൾ നൽകുകയാണ്. ദയവായി മഹാ കുംഭമേളയിൽ മരിച്ചവരുടെ കണക്കുകളും നൽകുക. മഹാ കുംഭമേളയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. മഹാ കുംഭമേള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ലോസ്റ്റ് ആൻഡ് ഫൗണ്ട് സെന്ററിന്റെയും ഉത്തരവാദിത്തം സൈന്യത്തിന് നൽകണമെന്നും അഖിലേഷ് യാദവ് പാർലമെന്റിൽ പറഞ്ഞു.

തിക്കും തിരക്കും ഉണ്ടായ സ്ഥലത്ത് തെളിവുകൾ നശിപ്പിക്കാൻ ജെസിബി ഉപയോഗിച്ചതായും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കണക്കുകൾ, പരുക്കേറ്റവരുടെ ചികിത്സ, മരുന്നുകളുടെ ലഭ്യത, ഡോക്ടർമാർ, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കണം. കുംഭ മേള ദുരന്തത്തിൽ ഉത്തരവാദികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സത്യം മറച്ചുവെച്ചവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ശേഷം നൂറുക്കണക്കിന് പേരെ കാണാതായതായി സമാജ് വാദി പാർട്ടി നേരത്തെ ആരോപണം ഉയത്തിയിരുന്നു. 15,000 പേർക്ക് അപകടത്തിന് ശേഷം കുടുംബാംഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സമാജ് വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് അവകാശപ്പെട്ടിരുന്നു.

Latest