muslim league
ചാടിക്കളിക്കുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് കുഞ്ഞാലിക്കുട്ടി
ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ചര്‍ച്ച ബാലിശമാണെന്നും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം | ഐക്യ ജനാധിപത്യ മുന്നണിയിലെ ശക്തരായ പാര്‍ട്ടിയാണ് തങ്ങളെന്നും ചാടിക്കളിക്കുന്ന കൂട്ടരല്ലെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. യു ഡി എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകും. ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ചര്‍ച്ച ബാലിശമാണെന്നും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷ ചുമതല നിര്‍വഹിക്കുന്ന യു ഡി എഫിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ചര്‍ച്ചകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഭാഗധേയത്തെയും തിരഞ്ഞെടുപ്പിനെയും മാനിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടെത്. മുന്‍ മന്ത്രിയും ഇടത് സഹയാത്രികനുമായ കെ ടി ജലീല്‍ എം എല്‍ എയുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമാണെന്നും ഇരുധ്രുവങ്ങളിലാണെങ്കിലും പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതില്‍ എന്ത് തെറ്റാണുള്ളെതന്നും അദ്ദേഹം ചോദിച്ചു.
കുറ്റിപ്പുറത്ത് വെച്ച് കെ ടി ജലീലുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതും തൊട്ടുപിന്നാലെ സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി പോസ്റ്റ് ചെയ്തതുമാണ് ലീഗ് മുന്നണിമാറ്റത്തിന് ശ്രമിക്കുന്നുവെന്ന ചർച്ചക്ക് ചൂടുപിടിക്കാൻ കാരണം.