National
കുര്‍ള ബസ് അപകടം: ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ്
മെഡിക്കല്‍ പരിശോധനാ ഫലം പുറത്ത്
മുംബൈ | എട്ട് പേരുടെ മരണത്തിനിടയാക്കിയ കുര്‍ള ബസ് അപകടത്തില്‍ ഡ്രൈവറുടെ മെഡിക്കല്‍ പരിശോധനാ ഫലം പുറത്ത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നില്ലെന്നും സംഭവ സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.
സഞ്ജയ് മോര്‍ ഓടിച്ചിരുന്ന ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടിന്റെ വൈദ്യുത ബസാണ് അപകടമുണ്ടാക്കിയത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം. 60ഓളം വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയുമാണ് ബസ് ഇടിച്ചത്.
പടിഞ്ഞാറന്‍ കുര്‍ളയിലെ തിരക്കേറിയ തെരുവിലൂടെ അമിതവേഗതയിലെത്തിയ ബസ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 40 ലേറെ പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. ഡ്രൈവറുടെ മദ്യപാനമാണ് അപകടത്തിന് വഴിവെച്ചതെന്നായിരുന്നു ആരോപണമുയർന്നത്.
അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബസിനുള്ളിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസ് നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ട് അപകടകരമായി പായുമ്പോള്‍ പരിഭ്രാന്തരായി നില്‍ക്കുന്ന യാത്രക്കാരെ ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന് ശേഷം ഡ്രൈവര്‍ ബസിനകത്തുനിന്ന് രണ്ട് ബാഗുകളുമെടുത്ത് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.