Connect with us

From the print

കുർസി കൊ ബച്ചാവോ ബജറ്റ്;രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുകയാണ്

Published

|

Last Updated

ന്യൂഡൽഹി | ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന് (കുർസി കൊ ബച്ചാവോ ബജറ്റ്) രാഹുൽ എക്‌സിൽ കുറിച്ചു. കോൺഗ്രസ്സിന്റെ പ്രകടനപത്രിക കോപ്പിയടിച്ചതാണ്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുൽ പറഞ്ഞു.

യുവാക്കളുടെയും കർഷകരുടെയും താത്പര്യങ്ങൾ അവഗണിച്ചുവെന്ന് സമാജ്്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു. ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയുള്ള നിരവധി വികസന നടപടികൾ സർക്കാറിനെ ‘രക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് കോപ്പിയടിയാണെന്ന ആരോപണവുമായി കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. ഇത് രാജ്യത്തിന്റെ പുരോഗതിക്കല്ല. മോദി സർക്കാറിനെ രക്ഷിക്കാനുള്ളതാണ്. കോൺഗ്രസ്സിന്റെ ന്യായപത്രം പോലും ശരിയായി പകർത്താൻ കോപ്പിക്യാറ്റ് ബജറ്റിന് കഴിഞ്ഞിട്ടില്ല. കർഷകർക്കായി ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളു. ദളിതർ, ആദിവാസികൾ, പിന്നാക്കക്കാർ, ന്യൂനപക്ഷങ്ങൾ, ഇടത്തരക്കാർ, ഗ്രാമീണ ദരിദ്രർ എന്നിവർക്കായി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു പി എ നടപ്പാക്കിയ വിപ്ലവകരമായ ഒരു പദ്ധതിയും നിലവിലില്ല. ജനങ്ങളെ കബളിപ്പിക്കുന്നതിന് പാതിമനസ്സോടെ സൗജന്യങ്ങൾ വിതരണം ചെയ്യുകയാണെന്ന് എക്സിലെ പോസ്റ്റിൽ ഖാർഗെ പറഞ്ഞു.

പത്ത് വർഷത്തെ നിഷേധത്തിന് ശേഷം തൊഴിലില്ലായ്മ ദേശീയ പ്രതിസന്ധിയാണെന്ന് സമ്മതിക്കുന്നുവെന്ന് കോൺഗ്രസ്സ് ജന. സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇത് വളരെ വൈകിയിരിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബജറ്റിൽ തങ്ങളുടെ സംസ്ഥാനങ്ങളെ അവഗണിക്കുകയും വിവേചനം കാണിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ്സ് എം പിമാരും മഹാരാഷ്ട്രയിൽ നിന്നുള്ള മഹാ വികാസ് അഘാഡി എം പിമാരും പ്രതിഷേധിച്ചു. പ്രധാനമന്ത്രി സർക്കാർ ബച്ചാവോ യോജനയെന്നാണ് ഈ ബജറ്റിന് തലക്കെട്ടു നൽകുകയെന്ന് ശിവസേന (യു ബി ടി) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. മോദി സർക്കാറിനെ അഞ്ച് വർഷത്തേക്ക് രക്ഷിക്കാനുള്ള ശ്രമം. അതിന് ബിഹാറിലും ആന്ധ്രയിലും തങ്ങളുടെ സഖ്യകക്ഷികൾക്ക് ഒരു പാക്കേജ് നൽകി. മഹാരാഷ്ട്രയിൽ ബി ജെ പിക്ക് രണ്ട് സഖ്യകക്ഷികളുണ്ട്, പക്ഷേ കേന്ദ്രത്തിൽ നിന്ന് ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ചതുർവേദി പറഞ്ഞു.

Latest