Connect with us

From the print

കുരുതിക്കളമായി അഭയാർഥി ക്യാമ്പ്

ഇസ്റാഈൽ ആക്രമണത്തിൽ 71 മരണം

Published

|

Last Updated

കൈറോ/ ഗസ്സ | ഗസ്സ മുനമ്പിൽ അഭയാർഥികളെ ലക്ഷ്യമിട്ട് വീണ്ടും ഇസ്‌റാഈൽ കൂട്ടക്കൊല. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിന് സമീപം അൽ മവാസിൽ ഇസ്‌റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 289 പേർക്ക് പരുക്കേറ്റു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന കൂടാരങ്ങളും ജലശുദ്ധീകരണ യൂനിറ്റും ലക്ഷ്യമിട്ടാണ് മിസൈലുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. പരുക്കേറ്റവരെ നസ്സർ, കുവൈത്തി ആശുപത്രികളിലേക്ക് മാറ്റി.
സുരക്ഷിത മേഖലയെന്ന് ഇസ്‌റാഈൽ അവകാശപ്പെട്ടിരുന്ന മേഖലയിലാണ് വ്യോമാക്രമണം നടത്തിയത്. ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നവരോട് മാറിത്താമസിക്കാൻ നിർദേശിക്കുന്ന പ്രദേശമാണിത്. എൺപതിനായിരത്തിലധികം അഭയാർഥികളാണ് ഇവിടെ താമസിക്കുന്നത്. പരുക്കേറ്റവർക്ക് ഒരുമിച്ച് ചികിത്സ നൽകാൻ വേണ്ട സൗകര്യം ആശുപത്രിയിലില്ലെന്ന് നസ്സർ ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമണം നടന്ന മേഖലകളിൽ സിവിൽ ഡിഫൻസ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഹമാസ് സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡ് മേധാവി മുഹമ്മദ് ദെയ്ഫ്, ഹമാസിന്റെ ഖാൻ യൂനുസ് ബ്രിഗേഡ് കമാൻഡർ റഫ സലാമ എന്നിവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈൽ വാദം. ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ദെയ്ഫിനെ വധിക്കാൻ ലക്ഷ്യമിട്ട് നിരവധി ശ്രമങ്ങൾ ഇസ്‌റാഈൽ നേരത്തേ നടത്തിയിരുന്നുവെങ്കിലും വിഫലമാകുകയായിരുന്നു. ഹമാസ് നേതാക്കൾ സാധാരണക്കാർക്കിടയിൽ ഒളിച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഇത്തരം കേന്ദ്രങ്ങളിൽ തുടർച്ചയായി ഇസ്‌റാഈൽ ആക്രമണം നടത്തുന്നത്. ഇസ്‌റാഈൽ വാദം ഹമാസ് നേതൃത്വം തള്ളി.
ഗസ്സയിൽ വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഇസ്‌റാഈൽ ശക്തമാക്കിയത്. 38,443 ഫലസ്തീനികളാണ് ഒക്‌ടോബർ ഏഴിന് തുടങ്ങിയ ഇസ്‌റാഈൽ അധിനിവേശത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.

Latest