Connect with us

Kozhikode

കുറ്റിക്കാട്ടൂര്‍ യതീംഖാന വഖ്ഫ് സ്വത്ത് വില്‍പ്പന ബോര്‍ഡ് റദ്ദാക്കി

Published

|

Last Updated

കോഴിക്കോട് | കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാനയുടെ കോടികളുടെ വിലമതിക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ വില്‍പ്പന നടത്തിയത് ബോര്‍ഡ് റദ്ദാക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖ്ഫ് ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജിയുടെ ഭാര്യാ സഹോദരന്‍ എ ടി ബശീര്‍ പ്രസിഡന്റായ കമ്മിറ്റിക്ക് വില്‍പ്പന നടത്തിയതാണ് റദ്ദാക്കിയത്. രണ്ടേകാല്‍ ഏക്കര്‍ സ്ഥലവും സ്ഥാപനങ്ങളും വില്‍പ്പന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വഖ്ഫ് ബോര്‍ഡ് നടപടി. ഇന്നലെ കൊച്ചി വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം.

യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. 1987ലാണ് കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്തിന് കീഴില്‍ മുസ്ലിം യതീംഖാന തുടങ്ങിയത്. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 99ല്‍ രഹസ്യമായുണ്ടാക്കിയ കമ്മിറ്റിക്ക് രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയും സ്ഥാപനങ്ങളും വില്‍പ്പന നടത്തിയെന്നായിരുന്നു പരാതി. ഭൂമിയുടെയും സ്ഥാപനങ്ങളുടെയും കൈമാറ്റം വഖ്ഫിന്റെ കൈമാറ്റമാണെന്നും ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഇത് നടത്തിയിരിക്കുന്നതെന്നുമായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

2015ല്‍ റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായിരിക്കെ വില്‍പ്പന ശരിവച്ച് ബോര്‍ഡ് വിധിയുണ്ടായി. ഭൂമിയും സ്ഥാപനങ്ങളും വാങ്ങിയവര്‍ക്ക് ബോര്‍ഡുമായുള്ള അടുത്ത ബന്ധമാണ് നിയമവിരുദ്ധ നടപടി ശരിവക്കാന്‍ കാരണമായതെന്നായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആക്ഷേപം. ചില ബോര്‍ഡ് മെമ്പര്‍മാരെ സ്വാധീനിച്ചായിരുന്നു ഈ വിധിയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി. 2016ലാണ് വഖ്ഫ് ട്രൈബ്യൂണല്‍ സ്ഥാപിതമാകുന്നത്. എന്നാല്‍, ബോര്‍ഡ് ശരിവച്ച ഈ വില്‍പ്പന ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു. ഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്നും കുറ്റിക്കാട്ടൂര്‍ യതീംഖാന കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്തിന് കീഴിലാണെന്നും ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കി.

വഖ്ഫ് ട്രൈബ്യൂണല്‍ കുറ്റിക്കാട്ടൂര്‍ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും വില്‍പ്പന തടഞ്ഞ് വിധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപ്പാക്കിയിരുന്നില്ല. വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി വീണ്ടും വഖ്ഫ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗം ട്രൈബ്യൂണല്‍ വിധി നടപ്പാക്കാന്‍ തീരുമാനിച്ചു. ട്രൈബ്യൂണല്‍ വിധി പ്രകാരം ഓര്‍ഫനേജ്, വനിതാ കോളജ്, പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പൂര്‍ണമായും കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴിലായി മാറും.

ഏറെക്കാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സ്ഥാപനങ്ങളും ഭൂമിയും കുറ്റിക്കാട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി തിരിച്ചുപിടിക്കുന്നത്. 16 വര്‍ഷത്തെ നിയമ പോരാട്ടത്തിനാണ് അറുതിയായിരിക്കുന്നതെന്നും ബോര്‍ഡ് തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സത്യം തെളിഞ്ഞുവെന്നും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പേങ്ങാടന്‍ അഹമ്മദ് ഹാജി പ്രതികരിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഖ്ഫ് ബോര്‍ഡിലെ തന്നെ ഉന്നതര്‍ കൂട്ടുനിന്നതിന്റെ ഉദാഹരണമായാണ് കുറ്റിക്കാട്ടൂര്‍ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും വില്‍പ്പന നടത്തിയതിനെ വിലയിരുത്തപ്പെട്ടിരുന്നത്.