Uae
അബ്ദുര്‍റഹ്മാന്‍ ഹാജിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചു
കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ഹാജി കേരളത്തിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വേറിട്ടൊരു മാതൃകയാണ്.
അബുദബി | പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അബ്ദുര്‍ റഹ്മാന്‍ ഹാജിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. അബൂദബി എമിഗ്രേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എമിഗ്രേഷന്‍ ഗോള്‍ഡന്‍ വിസ തലവന്‍ മുഹമ്മദ് അരീസല്‍ അല്‍ റാഷിദി ഗോള്‍ഡന്‍ വിസ കൈമാറി.
ഗള്‍ഫ് മേഖലയില്‍ അറിയപ്പെടുന്ന വ്യവസായിയായ അബ്ദുല്‍റഹ്മാന്‍ ഹാജി 1979 കാലഘട്ടത്തിലാണ് ആദ്യമായി യു എ ഇ ലെത്തുന്നത്. അബുദബി ബനിയാസിലായിരുന്നു തുടക്കം, പിന്നീട് മുസഫയിലേക്ക് മാറി. ഇപ്പോള്‍ യു എ ഇ ക്ക് പുറമെ ഒമാന്‍, സൗദി അറേബ്യാ, കേരളം എന്നിവിടങ്ങളില്‍ നിരവധി സംരംഭങ്ങളുണ്ട്.
കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ ഹാജി കേരളത്തിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വേറിട്ടൊരു മാതൃകയാണ്. മലപ്പുറം ജില്ലയിലെ തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ കടലോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എന്നും അത്താണിയാണ് അദ്ദേഹം.
ഗോള്‍ഡന്‍ വിസ കൈമാറുന്ന ചടങ്ങില്‍ ബനിയാസ് ഗ്രൂപ്പ് ഓഫ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു. ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചതില്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരോട് നന്ദി ഉണ്ടെന്ന് അബ്ദുല്‍ റഹ്മാന്‍ ഹാജി പറഞ്ഞു.
വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ പ്രമുഖരെയും നേരത്തെ ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ സര്‍ക്കാര്‍ ആദരിച്ചിരുന്നു.