Pathanamthitta
കുവൈത്ത് തീപ്പിടുത്തം; മുരളീധരന് യാത്രാമൊഴിയേകാന്‍ വന്‍ജനാവലി
നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്താനിരുന്നവന്റെ ചേതനയറ്റ ശരീരംകണ്ട് കുടംബാംഗങ്ങള്‍ മാത്രമല്ല നാട്ടുകാരും വിങ്ങിപ്പൊട്ടി.
പത്തനംതിട്ട \ പ്രവാസി ജീവിതത്തില്‍ നിന്നു വിടുതല്‍വാങ്ങി താമസിയാതെ നാട്ടിലെത്തുമെന്ന് അറിയിച്ച മുരളീധരന്റെ അന്ത്യയാത്ര കരളലിയിക്കുന്നതായി. കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച വാഴമുട്ടം പുളിനില്‍ക്കും വടക്കേതില്‍ മുരളീധരന് സ്വദേശി പി വി മുരളീധരന്‍ നായരുടെ മൃതദേഹം ഇന്ന് വൈകുന്നേരം നാലോടെയാണ് വീട്ടിലെത്തിച്ചത്.
നെടുമ്പാശേരി വിമാന താവളത്തില്‍ നിന്നും നോര്‍ക്ക റൂട്സിന്റെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്താനിരുന്നവന്റെ ചേതനയറ്റ ശരീരംകണ്ട് കുടംബാംഗങ്ങള്‍ മാത്രമല്ല നാട്ടുകാരും വിങ്ങിപ്പൊട്ടി.
മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോഴേക്കും ജനാവലി ഒഴുകി. കണ്ണീരടക്കാനാകാതെ വിതുമ്പിയ കുടുംബാംഗങളെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. വൈകാരിക രംഗങ്ങള്‍ക്കാണ് അവിടെ കൂടി നിന്നവര്‍ സാക്ഷ്യം വഹിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനതിരക്ക് നിയന്ത്രിക്കുവാന്‍ പോലീസ് സുരക്ഷാ വലയം ഒരുക്കി. എംഎല്‍എമാരായ കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി.അജിത്, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകുന്നേരം 5.30ഓടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോള്‍ അലമുറയിട്ട ഭാര്യ ഗീതയെയും മക്കളെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ഏറെ പാടുപെട്ടു.