Kuwait
കുവൈത്ത് ഐ സി എഫ് മെഗാ മീലാദ് കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മീലാദ് സമ്മേളനം 2024 സെപ്തം: 20ന് വൈകിട്ട് 3.30 മുതല്‍ രാത്രി 10 വരെ മന്‍സൂരിയയിലെ ശൈഖ് രിഫാഈ ദിവാനിയില്‍.
കുവൈത്ത് സിറ്റി | ‘തിരുനബി: ജീവിതം ദര്‍ശനം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി കുവൈത്ത് നാഷണല്‍ ഐ സി എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം 2024 സെപ്തം: 20 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 3.30 മുതല്‍ രാത്രി 10 വരെ മന്‍സൂരിയയിലെ ശൈഖ് രിഫാഈ ദിവാനിയിലാണ് സമ്മേളനം.
സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദ്‌റുസ്സാദാത് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി മുഖ്യാതിഥികളാകും. തിരു നബി കീര്‍ത്തനങ്ങളോടെ ആരംഭിക്കുന്ന പരിപാടിയില്‍ മലയാളത്തിനു പുറമെ ഉര്‍ദു, അറബി ഭാഷകളിലുള്ള ഖവാലിയും മൗലിദുകളും, മദ്ഹ് ഗാനങ്ങളുമുണ്ടാകും.
സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് സന്ദേശ പ്രഭാഷണം നടത്തും. ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഡോ: അബ്ദുറസാഖ് അല്‍ കമാലി, ഡോ: അഹ്മദ് അല്‍ നിസ്ഫ്, ഡോ: അബ്ദുല്ല നജീബ് സാലിം, സയ്യിദ് അനസ് അല്‍ ജീലാനി, സയ്യിദ് ഔസ് ഈസ അല്‍ ഷഹീന്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സൈദലവി തങ്ങള്‍ സഖാഫി, അലവി സഖാഫി തേഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രവാസ ലോകത്ത് ഇസ്‌ലാമിക വൈജ്ഞാനിക ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് മുന്‍നിര നേതൃത്വം നല്‍കുകയാണ് ഐ സി എഫ് (ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ) കേരളത്തില്‍ സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമാണ് ഐ സി എഫ്, സംഘടന മുന്നോട്ടു വെക്കുന്ന പ്രമേയം ഐ സി എഫ് പ്രവാസത്തിന്റെ അഭയം എന്നതാണ്.
വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം, തുടങ്ങിയ എല്ലാ മേഖലകളിലും ശ്രദ്ധയൂന്നിയാണ് ഐ സി എഫിന്റെ പ്രവര്‍ത്തനങ്ങള്‍. കൂടാതെ ഐ സി എഫ് മുഖപത്രമായ പ്രവാസി വായനക്ക് ഗള്‍ഫില്‍ ഉടനീളം പതിനായിരക്കണക്കിന് വരിക്കാരുണ്ട്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന അഞ്ച് മദ്‌റസകളിലായി ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള മതവിദ്യാഭ്യാസം ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി നല്‍കി വരുന്നു. ഹാദിയ വിമന്‍സ് അക്കാദമിക്ക് കീഴില്‍ സ്‌കില്‍ ഡെവലപ്‌മെന്റ്, പേഴ്‌സനാലിറ്റി ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കിവരുന്നു.
ഐ സി എഫ് സേവന വിഭാഗമായ സഫുവാ വളണ്ടിയര്‍ വിംഗ്, സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവ മായി പ്രവര്‍ത്തിച്ചു വരുന്നു. പ്രത്യേകം വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ സി എഫ് കുവൈത്ത് നാഷണല്‍ നേതാക്കളായ അലവി സഖാഫി തേഞ്ചേരി, അബ്ദുല്ല വടകര, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ അസീസ് സഖാഫി, എന്‍ജിനീയര്‍ അബു മുഹമ്മദ് , സയ്യിദ് സൈത്ലവി തങ്ങള്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.