Kuwait
വിദേശത്ത് നിന്നെത്തുന്ന മുഴുവന്‍ പേര്‍ക്കും വിമാനത്താവളത്തില്‍ തന്നെ പി സി ആര്‍ പരിശോധന നടത്താനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി | വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പി സി ആര്‍ പരിശോധന കുവൈത്ത് വിമാനത്താവളത്തില്‍ വച്ച് തന്നെ നടത്താന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ഒമിക്രോണ്‍ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണ്. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള സ്വകാര്യ ലാബുകളുടെ എണ്ണം, മുഴുവന്‍ യാത്രക്കാരുടെയും പി സി ആര്‍ പരിശോധന നടത്തുന്നതിന് പര്യാപ്തമാണ്.
മുതിര്‍ന്ന പൗരന്മാര്‍, പ്രത്യേക പരിചരണം ആവശ്യമായവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വിമാനത്താവളത്തില്‍ വച്ച് നിലവില്‍ പി സി ആര്‍ പരിശോധന നടത്തുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് ആവര്‍ത്തിച്ചു. പുതിയ വകഭേദത്തിന്റെ അപകട സാധ്യത എത്രത്തോളമാണെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.