Connect with us

Kuwait

കുവൈത്ത് ദേശീയ ദിനം; ഒരുക്കുന്നത് കനത്ത സുരക്ഷ

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് ദേശീയ വിമോചന ദിന അവധികള്‍ക്കായുള്ള മന്ത്രാലയത്തിന്റെ തയാറെടുപ്പുകള്‍ സംബന്ധിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് യോഗം ചേര്‍ന്നു. അവധി ദിവസങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1,650 പട്രോളിംഗ് ടീമുകള്‍ അവധി ദിവസങ്ങളില്‍ സജീവമാകും. മുന്‍കരുതല്‍ സുരക്ഷാ നടപടികളുടെ പദ്ധതികളും മേജര്‍ ജനറല്‍ അല്‍ ബര്‍ജാസ് അവതരിപ്പിച്ചു.

വെള്ളം ചീറ്റുക, വാഹനങ്ങളുടെ മുകളില്‍ കയറുക, വാഹനങ്ങളുടെ മുന്‍വശത്ത് കയറി ഇരിക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കുക, നിരോധിത സ്ഥലങ്ങളില്‍ നില്‍ക്കുക, വികലാംഗരുടെ സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളെ ശക്തമായി നേരിടുമെന്ന് സംഘം മുന്നറിയിപ്പ് നല്‍കി. പട്രോളിംഗ് ടീം റോഡുകള്‍ കര്‍ശനമായി നിരീക്ഷിക്കും. അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിക്കുന്നത് നിയന്ത്രിക്കും. കുട്ടികളെ പൊതു വഴിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും രക്ഷിതാക്കള്‍ അവരെ നിരീക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൗരന്മാരോട് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും സുരക്ഷയുമായി സഹകരിക്കാനും മേജര്‍ ജനറല്‍ അല്‍ ബര്‍ജാസ് ആഹ്വാനം ചെയ്തു.