Connect with us

Kerala

കുവൈത്ത് തീപ്പിടിത്തം; നാല് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി

ബാക്കി കുടുംബങ്ങൾക്ക് വരുംദിവസങ്ങളിൽ

Published

|

Last Updated

തിരുവനന്തപുരം | കുവൈത്തിലെ മൻഖഫ് ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ ശ്രീജേഷ്, അരുൺ ബാബു, സജു വർഗീസ്, മുരളീധരൻ എന്നിവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം, വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം എ യൂസുഫലിയുടെ അഞ്ച് ലക്ഷം, വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ. രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം വീതവുമടക്കം 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.

തിരുവനന്തപുരം വർക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ധനസഹായം കൈമാറി.
നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിലാണ് കൈമാറിയത്.

പത്തനംതിട്ടയിൽ കോന്നി താഴം സജു വർഗീസിന്റെ ഭാര്യ ബിന്ദു അനു സജു, വാഴമുട്ടം ഈസ്റ്റിൽ മുരളീധരൻ നായരുടെ ഭാര്യ ഗീതാ മുരളി എന്നിവർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് വീടുകളിലെത്തി ധനസഹായം കൈമാറി.

എം എൽ എമാരായ വി ജോയ്, ജി സ്റ്റീഫൻ, കെ യു ജിനീഷ് കുമാർ അതത് സ്ഥലങ്ങളിലെ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിൽ മരിച്ച 23 പേരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറുന്നത്.
ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ ധനസഹായം കൈമാറും.

Latest