Kerala
കുവൈത്ത് തീപ്പിടിത്തം; ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകക്ക് പുറമേ പ്രവാസി വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നോര്‍ക്ക വഴി നല്‍കിയ ധനസഹായമാണ് കൈമാറിയത്.
തൃശൂര്‍ | കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ എന്നിവര്‍ കൈമാറി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകക്ക് പുറമേ പ്രവാസി വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ നോര്‍ക്ക വഴി നല്‍കിയ ധനസഹായമാണ് കൈമാറിയത്.
സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം, പ്രവാസി വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം, രവി പിള്ള രണ്ട് ലക്ഷം, ഫൊക്കാനാ സംഘടനയുടെ പ്രസിഡന്റ് രണ്ട് ലക്ഷം ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. പ്രവാസി പ്രമുഖനായ കെ കെ മേനോന്‍ രണ്ട് ലക്ഷം രൂപ നോര്‍ക്ക മുഖാന്തരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനോയ് തോമസിനെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാര്‍ അറിയിച്ചു.
ബിനോയ് തോമസിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ജാതിമത വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ സഹായം നല്‍കാന്‍ ഒന്നിച്ചതിന് മന്ത്രി കെ രാജന്‍ നന്ദി അറിയിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.