Connect with us

International

കുവൈത്ത് തീപ്പിടിത്തം;  ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത് 15 മലയാളികളുടെ മരണമെന്ന് നോർക്ക സെക്രട്ടറി

ഇന്ത്യ സര്‍ക്കാര്‍ കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഒരുമിച്ച് നാട്ടില്‍ എത്തിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി ഡോ കെ വാസുകി. ഔദ്യോഗികമായി 15മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും അനൗദ്യോഗികമായി 24 പേര്‍ മരിച്ചതായാണ് കണക്കെന്നും വാസുകി വ്യക്തമാക്കി.കുവൈത്ത് സര്‍ക്കാരുമായി ചേര്‍ന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും നോര്‍ക്ക സെക്രട്ടറി വ്യക്തമാക്കി.

മൃതദേഹങ്ങള്‍ ഒരുമിച്ച് എത്തിക്കാനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും പരുക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരുമെന്നും നോര്‍ക്ക സെക്രട്ടറി അറിയിച്ചു.
നിലവില്‍ 6 പേര്‍ ഗുരുതരാവസ്ഥയിലാണ്. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കുമെന്നും വാസുകി അറിയിച്ചു.

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്‌ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ സര്‍ക്കാര്‍ കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കും. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

അതേസമയം വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങ് കുവെെത്തിലെത്തി.അസിസ്റ്റന്‍റ്  കമ്മീഷണ്‍ അടക്കമുള്ളവരാണ് എത്തിയത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും.അപകടത്തില്‍ പരുക്കേറ്റ മലയാളികളുടെ ചികിത്സ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ കാര്യങ്ങളുടെ ഏകോപനത്തിനായാണ് വീണജോര്‍ജ് കുവൈത്തിലേക്ക് യാത്ര തിരിക്കുന്നത്.

Latest