Kuwait
കുവൈത്ത്; മയക്കുമരുന്ന് കേസിൽ ശിക്ഷ കടുപ്പിച്ച് കൊണ്ടുള്ള കരട് നിയമം സമർപ്പിച്ചു
മയക്കുമരുന്ന് സൈക്കോ ട്രോപിക് വസ്തുക്കള്‍ എന്നിവ കടത്തുന്നതിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ നടപ്പാക്കും.

കുവൈത്ത് സിറ്റി| മയക്കുമരുന്ന് കേസുകളില്‍ ശിക്ഷ കടുപ്പിച്ചുകൊണ്ടുള്ള കരട് നിയമം സമര്‍പ്പിച്ചു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളില്‍ പഴുതുകള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ച സമീതിയുടെ മേധാവി മുഹമ്മദ് റാഷിദ് അല്‍ ദുവൈജിന്റെ നേതൃത്വത്തിലാണ് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഫഹദ് യൂസഫിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിലവിലെ ശിക്ഷാനിയമങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.മയക്കുമരുന്ന് സൈക്കോ ട്രോപിക് വസ്തുക്കള്‍ എന്നിവ കടത്തുന്നവര്‍ക്ക് വധശിക്ഷയും രണ്ട് ദശലക്ഷം ദിനാര്‍ വരെ പിഴയും ആണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.മുമ്പ് 7 വര്‍ഷം വരെ ആയിരുന്നു ഇതിന് ശിക്ഷ ലഭിച്ചിരുന്നത്.ജയിലുകളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ കടത്തുകയോ അല്ലെങ്കില്‍ അതിനു സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കും.
മയക്കുമരുന്ന് സൈക്കോ ട്രോപിക് വസ്തുക്കള്‍ എന്നിവ കടത്തുന്നതിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ നടപ്പാക്കും. ഉപഭോക്താവിന് പ്രോത്സാഹനത്തിനോ ഉപഭോഗത്തിനോ വേണ്ടി രണ്ടോ അതിലധികമോ കൂടുതല്‍ പേര്‍ക്ക് മയക്കുമരുന്നോ അല്ലെങ്കില്‍ സൈക്കോ ട്രോപിക് വസ്തുകളോ വിതരണം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാണ് പുതിയ നിയമം അനുശാസിക്കുന്നത്.
വിവാഹം കഴിക്കാന്‍ പോകുന്നവര്‍,ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍,സര്‍ക്കാര്‍ ജോലി അപേക്ഷകര്‍, എന്നിവരെ മയക്കുമരുന്ന് സൈക്കോ ട്രോപിക് ലഹരിവസ്തുക്കളുടെ പരിശോധനയ്ക്ക് വിധേയരാക്കും.മയക്കുമരുന്ന് സൈക്കോ ട്രോപിക് ലഹരിവസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തരമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്, എന്നിവയിലെ എല്ലാ സൈനിക ഉദ്യോഗസ്ഥരുടെയും റാങ്കുകള്‍ പരിഗണിക്കാതെ ക്രമരഹിതമായ പരിശോധന നടത്തും.
മയക്കുമരുന്ന് സൈക്കോ ട്രോപിക് ലഹരി വസ്തുക്കള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി, വിദ്യാലയങ്ങള്‍, എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ ക്രമരഹിതമായി പരിശോധനയ്ക്ക് വിധേയരാക്കും.ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മയക്കുമരുന്ന് ഉപയോഗ പരിശോധനയ്ക്ക് വിധേയരാകാന്‍ വിസമ്മതിക്കുന്നവര്‍ക്ക് നാലുവര്‍ഷം വരെ തടവ് ലഭിക്കും.
വിവാഹ അപേക്ഷകരെയും വിദ്യാര്‍ത്ഥികളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സ്‌കൂളുകള്‍ ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവക്കുള്ളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ കര്‍ശനമായ ശിക്ഷകളും പുതിയ കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.മയക്കു മരുന്നിന്റെയോ സൈക്കോ ട്രോപിക് വസ്തുക്കളുടെയൊ സ്വാധീനത്തില്‍ അക്രമങ്ങള്‍ നടത്തുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്താല്‍ കര്‍ശനമായ ശിക്ഷകള്‍ക്ക് വിധേയരാക്കും.
മയക്കുമരുന്ന് ഉപയോഗം സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസിന് ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള അവകാശവും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.ഇതിനു പുറമേ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂടെ ഇരിക്കുന്നവര്‍ക്കും അയാള്‍ അത് ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും മൂന്നുവര്‍ഷംവരെ തടവും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയകാരുടെനിയമം.