Kuwait
കുവൈത്ത്; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്
കുവൈത്ത് സിറ്റി | കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മടങ്ങുന്നു. മാര്‍ച്ച് പതിമൂന്ന് ഞായറാഴ്ച മുതല്‍ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളും സാധാരണ ഔദ്യോഗിക പ്രവര്‍ത്തന സംവിധാനത്തിലേക്ക് മടങ്ങി വരണമെന്ന് വ്യവസ്ഥ ചെയ്യുന്ന സര്‍ക്കുലര്‍ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മര്‍സൂക് അല്‍ റാഷിദ് പുറത്തിറക്കി. മന്ത്രാലയം ഇതിനകം ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. നേരിട്ടുള്ള മീറ്റിംഗുകളും കോണ്‍ഫ്രന്‍സുകളും ഇന്റേണല്‍ കോഴ്സുകളും നടത്താന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൊവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, ജോലി സമയവും സമയക്രമവും ക്രമീകരിക്കുക, മീറ്റിംഗുകളും കോണ്‍ഫ്രന്‍സുകളും കോഴ്സുകളും ഓണ്‍ലൈന്‍ ആയി നടത്തുക എന്നിവ സംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ റദ്ദാക്കി.
ജോലിയില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ നിയമപരമായി അംഗീകൃത അവധികളായി കണക്കാക്കുന്നതാണ്. ഫ്‌ളക്‌സിബിള്‍ വര്‍ക്കിംഗ് സിസ്റ്റങ്ങളും റോട്ടേഷന്‍ സംവിധാനവും നിര്‍ത്തലാക്കി മുഴുവന്‍ സമയവും ജോലി ചെയ്യാനും ഉത്തരവായിട്ടുണ്ട്. പുതിയ തീരുമാനമനുസരിച്ച് വിരലടയാള ഹാജര്‍ സംവിധാനവും സര്‍ക്കുലറില്‍ നിര്‍ബന്ധമാക്കുന്നുണ്ട്. കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനു മുമ്പുള്ള അതേ സമയക്രമമനുസരിച്ചു തന്നെ പ്രവൃത്തി സമയം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും.