Kuwait
കുവൈത്ത് കൊടും ചൂടിലേക്ക്; തുറസായ സ്ഥലങ്ങളില്‍ ജോലിക്ക് വിലക്ക്
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11മണി മുതല്‍ വൈകുന്നേരം നാല് മണിവരെയായിരിക്കും നിരോധനം.
കുവൈത്ത് സിറ്റി | കുവെെത്തില്‍ വരും ദിവസങ്ങളില്‍ അസ്സഹനീയമായ ചൂട് അനുഭപെടുമെന്നും അതിനാല്‍ ജൂണ്‍ ഒന്ന് മുതല്‍ കുവൈത്തില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്നും മാനവശേഷി പൊതു സമിതി അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ രാവിലെ 11മണി മുതല്‍ വൈകുന്നേരം നാല് മണിവരെയായിരിക്കും നിരോധനം. തൊഴിലാകളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതീരുമാനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതോടൊപ്പം ഈ സമയങ്ങളില്‍ അധികൃതരുടെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകം രൂപീകരിച്ച മിന്നല്‍ പരിശോധന സംഘത്തിന്റെ നേതൃത്വതിലായിരിക്കും പരിശോധനയെന്നും മാനവ ശേഷി പൊതു സമിതി ആക്റ്റിംഗ് ഡയരക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഉത്തയ്ബി പറഞ്ഞു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഈ നമ്പര്‍ വഴി 24936192 പരാതി നല്‍കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലയിമറ്റ് ചേഞ്ച് ഫൌണ്ടേഷന്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം കുവൈത്തിലും 2024ല്‍ പൊള്ളുന്ന ചൂടായിരിക്കും അനുഭവപ്പെടുക എന്നാണ് പറയുന്നത്. പ്രത്യേകിച്ച് ഈവര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ കുവൈത്തില്‍ അധികഠിനമായ ചൂടാണ് അനുഭവപ്പെടുക എന്നാണ് പ്രവചനം. കാലാവസ്ഥ വ്യതിയാനത്തിന് പുറമെ താപ തരംഗങ്ങള്‍ സാവധാനത്തില്‍ കടന്ന് പോകുന്ന പ്രതിഭാസവുമാണ് വന്‍ തോതില്‍ ചൂട് കൂടുന്നതിന് കാരണമായി പറയുന്നത്.
ഭൂഗോളത്തില്‍ താപ താരംഗങ്ങളുടെ മന്ദകതിയിലുള്ള ചലനം രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെയും ജനങ്ങളുടെ പൊതുവായ ആരോഗ്യത്തെയും ബാധിക്കാന്‍ ഇടയുണ്ടെന്ന് കുവൈത്തിലെ പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ ഫഹദ് അല്‍ ഉത്തയ്ബി പറഞ്ഞു. ഉയര്‍ന്ന തോതിലുള്ള മീതേന്‍, കാര്‍ബണ്‍ ഡൈ ഒക്‌സൈഡ് വാതകങ്ങള്‍ എന്നിവ കാരണം താപനില ഉയരുന്നത് കാട്ടു തീക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇബ്രാഹിം വെണ്ണിയോട്