kuwait fire accident
കുവൈത്ത് ദുരന്തം: നാലുപേരുടെ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍
തീപ്പിടിത്തത്തില്‍ പരിക്കേറ്റ 14 മലയാളികളില്‍ 13 പേരുടെ നില ഗുരുതരമല്ല.
തിരുവനന്തപുരം | കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലുപേരുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍. നാലുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ നാട്ടില്‍ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചടങ്ങുകള്‍ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു. ഇന്നലെ 12 പേരുടെ സംസ്‌കാരമാണ് നടന്നത്.
കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചതു മുതല്‍ ആയിരങ്ങളാണ് ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ വിളച്ചിക്കാല ഐ പി സി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ മൃതദേഹവും വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആയിരങ്ങളാണ് കാത്തിരുന്നത്. ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം നരിക്കല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു.
കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് രാവിലെ നാട്ടിലേക്ക് കൊണ്ടുവന്നു. കുറുവയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പയ്യാമ്പലത്താണ് സംസ്‌കാരം നടന്നത്. പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. കുവൈത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍വൈസറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്.
പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്റെ മൃതദേഹം രാവിലെയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കിച്ചു. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എട്ടു വയസ്സില്‍ അച്ഛന്‍ നഷ്ടമായ ആകാശ് പഠനം കഴിഞ്ഞ് കുവൈത്തില്‍ ജോലി തേടുകയായിരുന്നു.
തീപ്പിടിത്തത്തില്‍ പരിക്കേറ്റ 14 മലയാളികളില്‍ 13 പേരുടെ നില ഗുരുതരമല്ല. ഒരാള്‍ മാത്രമാണ് ഐ സി യുവില്‍ തുടരുന്നത്. ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഒരു ആന്ധ്ര സ്വദേശിയും ഐ സി യുവില്‍ ഉണ്ട്. ഒരു ഫിലിപിന്‍സ് സ്വദേശി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.
1.സുരേഷ് കുമാര്‍ നാരായണന്‍, 2.നളിനാക്ഷന്‍, 3.സബീര്‍ പണിക്കശേരി, 4.അലക്‌സ് ജേക്കബ് വണ്ടാനത്തുവയലില്‍, 5.ജോയല്‍ ചക്കാലയില്‍, 6.തോമസ് ചാക്കോ ജോസഫ്, 7.അനന്ദു വിക്രമന്‍, 8.അനില്‍ കുമാര്‍ കൃഷ്ണസദനം, 9.റോജന്‍ മടയില്‍, 10.ഫൈസല്‍ മുഹമ്മദ്, 11.ഗോപു പുതുക്കേരില്‍, 12.റെജി ഐസക്ക്, 13.അനില്‍ മത്തായി, 14.ശരത് മേപ്പറമ്പില്‍ എന്നിവരാണ് കുവൈത്തില്‍ ചികിത്സയിലുള്ള മലയാളികള്‍.