Kerala
കുവൈത്ത് ദുരന്തം ; ആശ്രിതര്‍ക്ക് കമ്പനി ജോലി നല്‍കണം : സി പി എം
കുടുംബങ്ങളുടെ ആജീവനാന്ത സംരക്ഷണവും കമ്പനി ഏറ്റെടുക്കണം
പത്തനംതിട്ട | കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ ഓരോ കുടുംബത്തിനും അടിയന്തര നഷ്ടപരിഹാരമായി രണ്ടുകോടി രൂപ കമ്പനി നല്‍കണമെന്നും ആശ്രിതര്‍ക്ക് കമ്പനിയുടെ സ്ഥാപനങ്ങളില്‍ തന്നെ ജോലി നല്‍കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യപ്പെട്ടു. ഈ കുടുംബങ്ങളുടെ ആജീവനാന്ത സംരക്ഷണം സ്ഥാപനം ഏറ്റെടുക്കണം.
കമ്പനി അധികൃതരുടെ അനാസ്ഥ കാരണമാണ് ഇത്തരം ഒരു ദുരന്തം ഉണ്ടാകാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എത്രയോ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ദുരന്തം കാരണം നഷ്ടപ്പെട്ടത്. ഒരു ധനസഹായും അതിന് പരിഹാരമാകില്ല. എങ്കിലും ഈ കുടുംബങ്ങളെ പൂര്‍ണമായും സംരക്ഷിക്കേണ്ടത് കമ്പനിയുടെ ചുമതലയാണ്.
പ്രവാസ ലോകത്ത് പ്രതികൂല കാലാവസ്ഥയിലും ജീവസന്ധാരണത്തിന് കഷ്ടപ്പെടുന്നവരുടെ ദുരിതത്തിന് നാളുകളേറെ കഴിഞ്ഞിട്ടും അറുതിയാവുന്നില്ല. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. ഓരോ കുടുംബാംഗത്തിന്റെയും വേര്‍പാട് ഈ നാടിന്റെ മുഴുവന്‍ വേദനയായി മാറിയിരിക്കുകയാണ്. അപകടം അറിഞ്ഞയുടന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാണ് കൈക്കൊണ്ടത്. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷവും . ഇതുകൊണ്ട് കമ്പനിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. പ്രവാസലോകത്ത് ജോലിക്ക് പോകുന്ന പലരും തൊഴില്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. അതിനാല്‍ ഗള്‍ഫിലേക്ക് അടക്കം വിവിധ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവരുടെ കുടുംബങ്ങള്‍ക്കടക്കം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന സംവിധാനത്തെ കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിയെ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടും അതിന് തടസ്സം നിന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമാണെന്നും കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു