Connect with us

Alappuzha

കുവൈത്ത് ദുരന്തം; തീയില്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ യാത്രാമൊഴി

നാല് മൃതദേഹങ്ങളും സംസ്‌കരിച്ചു.

Published

|

Last Updated

ആലപ്പുഴ | പുതുതായി പണികഴിപ്പിച്ച വീട്ടില്‍ അമ്മക്കൊപ്പം സ്ഥിര താമസമാക്കാമെന്നുറപ്പിച്ച് യാത്രതിരിച്ച നീരേറ്റുപുറം മുളയ്ക്കല്‍ ജിജോയും കുടുംബവും മടങ്ങിയെത്തിയത് വിലാപയാത്രയായി. നുറുങ്ങുന്ന ഹൃദയത്തോടെ ഉറ്റവരും നാട്ടുകാരും നാലംഗ കുടുംബത്തിന് അന്ത്യയാത്രയയപ്പ് നല്‍കി.

കുവൈത്ത് അബ്ബാസിയായിലെ പാര്‍പ്പിട സമുച്ഛയത്തിലുണ്ടായ അഗ്നിബാധയില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച തലവടി നീരേറ്റുപുറം ടി എം ടി സ്‌കൂളിന് സമീപം മുളയ്ക്കല്‍ വീട്ടില്‍ മാത്യുസ് വര്‍ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ ഐറിന്‍ (14), അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി ഇളയ മകന്‍ ഐസക്ക് (11) എന്നിവര്‍ക്ക് ഇനി തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ അന്ത്യനിദ്ര.

പുലര്‍ച്ചെ മൂന്നോടെ നാല് പേരുടെയും ഭൗതിക ശരീരങ്ങള്‍ ജന്മനാടായ തിരുവല്ലയില്‍ നിന്ന് ആലപ്പുഴ തലവടി നീരേറ്റുപുറത്തെ ജിജോയുടെ വീട്ടിലെത്തിച്ചു. ജനപ്രതിനിധികളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സന്നിഹിതരായിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനും പ്രാര്‍ഥനകള്‍ക്കും ശേഷം ഒമ്പത് മണിയോടെ തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളിയിലെത്തിച്ചു. മൃതദേഹങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ നിരത്തി കിടത്തിയപ്പോള്‍ ഉറ്റവര്‍ക്കൊപ്പം കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. തുടര്‍ന്ന് സെമിത്തേരിയില്‍ അടുത്തടുത്തായി ഒരുക്കിയ കല്ലറകളില്‍ നാല് പേരെയും അടക്കി. ആദ്യം ജിജോയുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. പിന്നീട് ഇളയ മകന്‍ ഐസകിന്റെയും ശേഷം മൂത്ത മകള്‍ ഐറിന്റെയും അവസാനം ലിനിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ജിജോ തലവടി നീരേറ്റുപുറത്ത് ഇരുനില വീട് പുതുതായി നിര്‍മ്മിച്ചിരുന്നു. കുവൈത്തിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുമസിന് നാട്ടിലെത്തി അമ്മ മുളയ്ക്കല്‍ റേച്ചല്‍ തോമസിനൊപ്പം സ്ഥിര താമസമാക്കാനായിരുന്നു ഉദ്ദേശം. അവധിക്ക് ശേഷം ഈ മാസം 19ന് നീരേറ്റുപുറത്തെ വീട്ടില്‍ നിന്ന് തന്നെയായിരുന്നു നാല് പേരും കുവൈത്തിലേക്ക് യാത്ര തിരിച്ചത്.

കുവൈത്തിലെത്തി നാല് മണിക്കൂറിനകമാണ് അഗ്‌നിബാധയില്‍പ്പെട്ടത്. പുലര്‍ച്ചെ പുറപ്പെട്ട സംഘം കുവൈത്തിലെത്തിയയുടനെ യാത്രാക്ഷീണത്തില്‍ മയങ്ങിയിരുന്നു. ഈ സമയം കിടപ്പുമുറിയിലെ എ സി കത്തിപ്പടരുകയായിരുന്നു. ഇതില്‍ നിന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. തുടര്‍ന്ന് ജന്മനാടായ തിരുവല്ലയിലെത്തിക്കുകയായിരുന്നു.

ജിജോയുടെ പിതാവ് രാജു മുളയ്ക്കല്‍ 12 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. കുവൈത്തില്‍ റോയിട്ടേഴ്‌സില്‍ വിവര സാങ്കേതിക വിഭാഗം എന്‍ജിനീയറാണ് ജിജോ. ലിനി എബ്രഹാം അബ്ബാസിയയിലെ അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ്.

 

Latest