From the print
കുഴൽനാടന്റെ വിവാദ റിസോർട്ട് ഭൂമി വീണ്ടും അളക്കും
നേരത്തേ അളന്നപ്പോൾ പിശകുണ്ടായെന്ന് പാർട്ണർമാർ
ഇടുക്കി | മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ വിവാദ റിസോർട്ട് ഉൾപ്പെടുന്ന ഭൂമി വീണ്ടും അളക്കാൻ തീരുമാനം. അടുത്ത ആഴ്ച ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക.
മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് മാത്യു കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി. ടോണി സാബു, ടോം സാബു എന്നിവരാണ് തഹസിൽദാരുടെ മുന്നിൽ ആവശ്യം ഉന്നയിച്ചത്.
ജനുവരിയിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെയാണ് ഭൂമി അളന്നത്. ലാൻഡ് റവന്യൂ തഹസിൽദാർ നൽകിയ റിപോർട്ട് കലക്്ടർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു നടപടി. 50 സെന്റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടന്റെ കൈവശം ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇത് റവന്യൂ വിഭാഗവും സ്ഥിരീകരിച്ചിരുന്നു.
സൂര്യനെല്ലി പാപ്പാത്തി ചോലയിലെ വിവാദ റിസോർട്ടിന് സ്ഥലമടക്കം എട്ടര കോടിയിലേറെ മതിപ്പു വിലയാണ് കണക്കാക്കുന്നത്. 2012ൽ കൊല്ലം ശക്തികുളങ്ങരയിലെ കപ്പിത്താൻ ഗ്രൂപ്പാണ് റിസോർട്ട് നിർമിച്ചത്. നിർമാണത്തിന് എൻ ഒ സി നിർബന്ധമാക്കുന്നതിനും മുമ്പായിരുന്നു നിർമാണം.
ജെന്നിഫർ അൽഫോൻസ് എന്നയാളിൽ നിന്നും വാങ്ങി കുഴൽനാടന്റെയും പത്തനംതിട്ട കാവുങ്കൽ ടോണി, ടോം എന്നിവരുടെയും പേരിൽ 2021 മാർച്ച് 18ന് രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ തീറാധാരം നടത്തി. മൂന്ന് കെട്ടിട നമ്പറുകളിലായി റിസോർട്ടും 750 ചതുരശ്ര അടിയുള്ള രണ്ട് വീടുകളുമാണ് ഇവിടെയുള്ളത്.