Kerala
കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി
തിരുവനന്തപുരം | മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഇക്കാര്യം അറിയിച്ചത്.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. എഐസിസി നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് പുറത്താക്കൽ എന്നും കെ സുധാകരൻ അറിയിച്ചു.
ഹൈക്കമാൻഡിന്റെയും കെ പി സി സിയുടെയും വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണ് കെ വി തോമസ് കോൺഗ്രസിന്റെ കണ്ണിലെ കരട് ആകുന്നത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്കെതിരെ നടപടി എടുക്കാൻ ധൈര്യമുണ്ടെങ്കിൽ എടുക്കട്ടെ എന്ന് കെ വി തോമസ് വെല്ലുവിളിച്ചുവെങ്കിലും അന്ന് നേതൃത്വം അദ്ദേഹത്തിനെതിരെ കർശനമായ നടപടി എടുത്തിരുന്നില്ല. പകരം പാർട്ടി പദവികളിൽ നിന്ന് രണ്ടു വർഷത്തേക്ക് മാറ്റി നിർത്തുകയായിരുന്നു.
ഇതിനുപിന്നാലെ തൃക്കാക്കരയിൽ വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് കെ വി തോമസ് രംഗത്തുവന്നതോടെ കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും ചൊടിച്ചു. തൃക്കാക്കരയിൽ താൻ എൽഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് കെ വി തോമസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഇന്ന് കെ വി തോമസ് പങ്കെടുത്തത്. പുറത്താക്കൽ നടപടിയോട് കെ വി തോമസ് പ്രതികരിച്ചിട്ടില്ല.