kv thomas
കോണ്‍ഗ്രസുമായി സമ്പൂർണ വഴിപിരിയലിന് കെ വി തോമസ്
ഈ അവഗണനയോടുള്ള പ്രതികരണമെന്ന നിലയിലാണ് കെ വി തോമസ് പാര്‍ട്ടി ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുന്നത്.
തിരുവനന്തപുരം | കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന നേതാവ് കെ വി തോമസ് ഒടുവില്‍ പാര്‍ട്ടിയുമായുള്ള ബന്ധം സമ്പൂര്‍ണമായി ഉപേക്ഷിച്ചു പുറത്തു കടക്കുന്നു. പാര്‍ട്ടി വിലക്കു ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തെങ്കിലും നേതൃത്വം അദ്ദേഹത്തെ പുറത്താക്കാന്‍ ഭയപ്പെട്ടു. സംസ്ഥാന നേതൃത്വം പുറത്താക്കണമെന്ന നിലപാട് ആവര്‍ത്തിച്ചിട്ടും കേന്ദ്രം തള്ളി. എന്നിട്ടും പാര്‍ട്ടിക്കു വഴങ്ങാതെ അദ്ദേഹം പുറത്തേക്കു നീങ്ങുകയാണെന്നാണു സൂചന.
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള ഒരു കാര്യവും എ ഐ സി സി അംഗമായ അദ്ദേഹത്തോട് ആലോചിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. കേന്ദ്ര നേതൃത്വം തന്നെ പുറത്താക്കിയില്ലെങ്കിലും തങ്ങള്‍ പുറത്താക്കി എന്നാക്കി എന്ന നിലയിലാണ് സംസ്ഥാന നേതൃത്വം പ്രവര്‍ത്തിക്കുന്നത്. ഈ അവഗണനയോടുള്ള പ്രതികരണമെന്ന നിലയിലാണ് കെ വി തോമസ് പാര്‍ട്ടി ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുന്നത്. നേരത്തേ, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുകാരനായി തുടരാന്‍ പാര്‍ട്ടി വേണമെന്നില്ല എന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോള്‍.
തൃക്കാക്കരയില്‍ എല്‍ ഡി എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ അന്തിമ തീരുമാനം വരുന്നതോടെ പാര്‍ട്ടിക്ക് പുറത്താക്കേണ്ടി വരും. അങ്ങനെ പാര്‍ട്ടിയില്‍ നിന്നു പുറത്തായി എന്ന പരിവേഷത്തോടെയായിരിക്കും അദ്ദേഹം പോവുക.
ഞാന്‍ കണ്ട കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്സെന്നും വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി അതുമാറിയെന്നും അദ്ദേഹം പറയുമ്പോള്‍ കേരളത്തിലെ പാര്‍ട്ടിയോട് സമ്പൂര്‍ണമായി വിടപറയുകയാണെന്നാണു വ്യക്തമാവുന്നത്. ചര്‍ച്ചയില്ലാതെ പാര്‍ട്ടിയില്‍ എങ്ങനെ നില്‍ക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം വളരെ നേരത്തേ തുടങ്ങിയതായി അദ്ദേഹം ആദ്യമേ പറയുന്നുണ്ട്. ഒരു മനുഷ്യായുസ്സില്‍ നേടാനാവുന്ന പദവികളെല്ലാം സ്വന്തമാക്കിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയോട് നന്ദികേട് കാട്ടി എന്നുള്ള ആരോപണങ്ങളെയെല്ലാം അദ്ദേഹം നേരത്തേ തന്നെ നേരിട്ടു. നൂലില്‍ കെട്ടിയിറങ്ങിയ ആളല്ല താനെന്നും ജനപിന്തുണയുടെ തെളിവാണ് ഓരോ തിരഞ്ഞെടുപ്പ് വിജയങ്ങളുമെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു. ആ ജന പിന്തുണ മുന്നില്‍ വച്ചാണ് ഇപ്പോള്‍ അദ്ദേഹം നേതൃത്വത്തെ വെല്ലുവിളിക്കുന്നത്.
കുമ്പളങ്ങി എന്ന ഗ്രാമത്തില്‍ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന അഞ്ചു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേത്. എക്കാലവും അപ്രതീക്ഷിത നീക്കങ്ങളും അട്ടിമറികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു ആ രാഷ്ട്രീയ ജീവിതം. പാര്‍ലിമെന്ററി പദവികള്‍ക്ക് പുറമെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മുതല്‍ എ ഐ സി സി തെരഞ്ഞെടുപ്പ് ചുമതല വരെയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1984 ലാണ് അദ്ദേഹം അദ്യമായി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത്. ലോക്‌സഭയിലേക്കായിരുന്നു മത്സരം. ഇതുള്‍പ്പെടെ ആറ് തവണ ലോക്‌സഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ വിജയിക്കുകയും ചെയ്തതു. രണ്ട് തവണ എറണാകുളത്ത് നിന്നു തന്നെ നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.