Kerala
കെ വി തോമസിന് പ്രതിമാസം ഒരുലക്ഷം രൂപ ഓണറേറിയം അനുവദിച്ചേക്കും
ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കും
തിരുവനന്തപുരം | ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കും. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നതിന് അനുമതി നല്‍കിയത്.
അതിനെതിരെ പ്രതിപക്ഷ രംഗത്തെത്തിയതിന് പിന്നാലെ ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും കാട്ടി കെ വി തോമസ് സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. ഡല്‍ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫിസ്. അടിസ്ഥാന ശമ്പളം, ഡി എ, എച്ച് ആര്‍ എ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം പി. എ സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡി എ, ഡല്‍ഹി അലവന്‍സ് ഉള്‍പ്പെടെ 92,423 രൂപയായിരുന്നു എ സമ്പത്തിന്റെ പ്രതിമാസ ശമ്പളം. ഇതിനിടെ മുന്‍ ഡെന്‍മാന്‍ക്ക് ഇന്ത്യന്‍ അംബാസഡര്‍ കെ വേണു രാജാമണിയും സംസ്ഥാനത്തിന്റെ പ്രത്യേക ലൈസണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നുണ്ട്.