Connect with us

kv thomas

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ വി തോമസ്

ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന തൃക്കാക്കര എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കെ വി തോമസും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

കൊച്ചി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൂടിക്കാഴ്ചയെന്ന് കെ വി തോമസ് പറഞ്ഞു. യു എസില്‍ നിന്ന് ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പിണറായി തിരുവനന്തപുരത്ത് എത്തിയത്.

ഇടതിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് കെ വി തോമസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതോടെയാണ് കെ വി തോമസ് സി പി എമ്മിനോട് അടുത്തതും കോണ്‍ഗ്രസിനോട് അകന്നതും. ഇതിന് ശേഷം കടുത്ത അവഗണനയാണ് തനിക്കെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.

ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന തൃക്കാക്കര എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കെ വി തോമസും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര മണ്ഡലത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയാണ് തോമസ്. തന്നേക്കാള്‍ ഒരു വയസ്സ് മാത്രമാണ് കെ സുധാകരന് ചെറുപ്പമെന്നും തനിക്ക് ബാധകമായ നിയമം എന്തുകൊണ്ട് സുധാകരന് ബാധകമല്ലെന്നും കെ വി തോമസ് ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പിലും കെ സുധാകരന്‍ മത്സരിക്കും. വി ഡി സതീശനും ഒരുപാട് തവണ മത്സരിച്ചു. ഇവര്‍ക്കൊന്നും ബാധകമല്ലാത്ത നിയമം തനിക്ക് മാത്രം ബാധകമാകുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.