Kerala
പിണറായി കേരളത്തിന്റെ അഭിമാനമെന്ന് കെ വി തോമസ്; കെ റെയിലിനും അകമഴിഞ്ഞ പിന്തുണ
നാടിന് ഗുണകരമായ പദ്ധതിക്കൊപ്പം നമ്മള്‍ നില്‍ക്കണം
കണ്ണൂര്‍ | അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടിയാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇതിന് അവസരം നല്‍കിയ , എന്ത് തീരുമാനമെടുക്കണമെന്ന് എന്നെ ഉപദേശിച്ച പിണറായി വിജയനോട് നന്ദി പറയുകയാണെന്നും സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുത്തത് ശരിയായെന്ന് നിങ്ങളെ കാണുമ്പോള്‍ എനിക്ക് തോന്നുന്നു. അതു പോലെ കോണ്‍ഗ്രസിനും കരുത്താകുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കില്‍ ഇത്തരം പരിപാടിയില്‍ നിങ്ങളും പങ്കെടുക്കണം എന്നാണ് സഹപ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത്-കെ വി തോമസ് പറഞ്ഞു
കെ റെയിലിന് പിന്തുണച്ചു എന്നതാണ് എന്നെ കുറിച്ചുള്ള ആരോപണം. നാടിന് ഗുണകരമായ പദ്ധതിക്കൊപ്പം നമ്മള്‍ നില്‍ക്കണം. വികസനത്തില്‍ രാഷ്ട്രീയമില്ല. മെട്രോ യാഥാര്‍ഥ്യമായത് ഒന്നിച്ച് നിന്നപ്പോഴാണ്. വികസന പ്രവര്‍ത്തികള്‍ക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരും. മുന്‍പും പല പദ്ധതികള്‍ക്കും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതില്‍ പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിന് പകരം പിറണായിയാണ് പദ്ധതി കൊണ്ടുവരുന്നത് എന്നതുകൊണ്ട് അംഗീകരിക്കില്ല എന്ന ് പറയരുത്. കൊള്ളാവുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ .കേരളത്തിന്റെ അഭിമാനമാണ് അദ്ദേഹം. സ്വന്തം അനുഭവത്തില്‍ നിന്നാണ് താന്‍ ഇത് പറയുന്നതെന്നും കെ വി തോമസ് പറഞ്ഞു
84ൽ താൻ പാർലമെന്റിൽ എത്തുമ്പോൾ റെയിൽവേ ബജറ്റ് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം റെയിൽവേ ബജറ്റ് ഇല്ല. അത് കേന്ദ്ര ബജറ്റിന്റെ ഭാഗമായി. കേരളത്തിലെ അടിസ്ഥാന വികസനത്തിൽ പങ്കാളിയായ വ്യക്തിയാണ് താൻ. നെടുമ്പാശേരി വിമാനത്താവളം വരുന്ന സമയത്തും എതിർപ്പുകളുണ്ടായിരുന്നു. ഇന്ന് കൊച്ചിയുടെ വികസനത്തിന് വലിയ പങ്ക് വഹിക്കുന്നത് കൊച്ചി വിമാനത്താവളമാണ്. വിമാനത്താവളത്തിന്റെ 80 ശതമാനം പൂർത്തീകരിച്ചത് കരുണാകരന്റെ കാലത്തായിരുന്നുവെങ്കിലും ഇ.കെ നായനാരുടെ കാലത്താണ് വിമാനത്താവളം പണി പൂർത്തിയാ്ക്കി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ കരുണാകരനെ കൊണ്ടാണ് നായനാർ തിരി തെളിയിച്ചത്. അതാണ് വികസനമെന്ന് കെ.വി തോമസ് പറയുന്നു. രാജ്യത്തിന് ഗുണകരമാണെങ്കിൽ വികസനത്തിനൊപ്പം താൻ നിൽക്കുമെന്ന് കെ വി തോമസ് പറഞ്ഞു.സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്