Connect with us

National

കെ വി വിശ്വനാഥനും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കും

രാവിലെ 10.30നാണ് സത്യപ്രതിജ്ഞ

Published

|

Last Updated

ന്യൂഡൽഹി | ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, മുതിർ ന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പുതിയ കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‍വാൾ വ്യാഴാഴ്ച രാത്രിയാണ് നിയമന വാർത്ത ട്വീറ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 10.30ന് ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. മെയ് 16 ന് സുപ്രീം കോടതി കൊളീജിയം പ്രമേയത്തിലൂടെ ഇരുവരുടെയും നിയമനത്തിന് ശുപാർശ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ്, അജയ് രസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ കൊളീജിയമാണ് ശുപർശ ചെയ്തത്.

ബാറിൽ നിന്ന് സുപ്രീം കോടതി ബെഞ്ചിലേക്ക് നേരിട്ട് നിയമിതനാകുന്ന പത്താമത്തെ അഭിഭാഷകനാണ് കെ വി വിശ്വനാഥൻ. 2030 ഓഗസ്റ്റ് 12 മുതൽ 2031 മെയ് 25 വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹത്തിന് പ്രവർത്തിക്കാനാകും.

ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയുടെ മാതൃ ഹൈക്കോടതി ഛത്തീസ്ഗഡ് ഹൈക്കോടതിയാണ്. 2021 ഒക്ടോബർ 13-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തെ നിയമിച്ചു. അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്യുമ്പോൾ, ഛത്തീസ്ഗഡ് ഹൈക്കോടതിക്ക് സുപ്രീം കോടതിയിൽ പ്രാതിനിധ്യമില്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് എംആർ ഷായും വിരമിച്ച ഒഴിവിലാണ് ഇരുവരുടെയും നിയമനം. ഇതോടെ സുപ്രീം കോടതിയുടെ അംഗസംഗ്യ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആകും.

Latest