National
ലഖിംപുര്‍ കേസ്: ഗുസ്തി മത്സര വേദിയിലായിരുന്നുവെന്ന ആശിഷിന്റെ വാദം തള്ളി യുപി പോലീസ്
കര്‍ഷക സമരം നടക്കുന്നതിനാല്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ളവരുടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അടച്ച റോഡിലൂടെ തന്നെ ആശിഷ് മിശ്രയുടെ വാഹനവും മറ്റൊരു വാഹനവും എന്തുകൊണ്ട് കടന്നുപോയെന്നുള്ള കാര്യത്തിലും വിശദീകരണം നല്‍കാന്‍ ആശിഷിന് സാധിച്ചില്ല.
ലക്‌നോ| ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ താന്‍ ഇല്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ മൊഴി തള്ളി ഉത്തര്‍പ്രദേശ് പോലീസ്. അക്രമം നടക്കുമ്പോള്‍ ഗുസ്തി മത്സര വേദിയിലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം പോലീസ് മുഖവിലക്കെടുത്തില്ല. ആ സമയത്ത് ആശിഷ് മത്സര വേദിയില്‍ ഇല്ലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സംഭവം നടന്ന രണ്ടരയ്ക്കും നാല് മണിക്കുമിടയില്‍ എവിടെയായിരുന്നുവെന്ന് തെളിയിക്കാന്‍ ആശിഷിന് കഴിഞ്ഞിട്ടില്ല.
കര്‍ഷക സമരം നടക്കുന്നതിനാല്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ളവരുടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അടച്ച റോഡിലൂടെ തന്നെ ആശിഷ് മിശ്രയുടെ വാഹനവും മറ്റൊരു വാഹനവും എന്തുകൊണ്ട് കടന്നുപോയെന്നുള്ള കാര്യത്തിലും വിശദീകരണം നല്‍കാന്‍ ആശിഷിന് സാധിച്ചില്ല. സമര വേദിക്ക് അടുത്തുള്ള പെട്രോള്‍ പമ്പില്‍ എസ്.യു.വി വാഹനത്തില്‍ ആശിഷ് ഇന്ധനം നിറച്ചതിന് ദൃക്സാക്ഷികളുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ ആശിഷ് മിശ്രയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനുമുന്നോടിയായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി. നേരത്തേ ചോദ്യം ചെയ്യലില്‍ ആശിഷ് സഹകരിക്കാതിരുന്നതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ യു.പി. പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സംഭവത്തില്‍ വ്യക്തത ലഭിക്കാന്‍ ആശിഷിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ.ഡി.ജി.പി. പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു.