Lakhimpur Keri Incident
ലഖിംപൂര്‍ കര്‍ഷ കൊലപാതകം ആസൂത്രിതമെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്
ആശിഷ് മിശ്രക്കെതിരെ കുരുക്ക് മുറുകുന്നു
ലഖ്‌നൗ | ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിന്റെ കര്‍ഷകരെ കാര്‍ കയറ്റികൊന്ന സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്. സംഭവം സ്വഭാവികമായി നടന്നതായി കരുതുന്നില്ല. ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ സമിതി ശിപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. കൊലക്കേസില്‍ മന്ത്രിപുത്രന്‍ ആശിഷ് മിശ്രക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.
കേസിന്റെ തുടക്കം മുതല്‍ തന്നെ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു പി പൊലീസ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ആശിഷിന് പുറമെ യു പി സര്‍ക്കാറിനും കനത്ത തിരിച്ചടി നല്‍കുന്നതാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, നടന്നത് അപകടമാണെന്ന രീതിയില്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സമിതി സൂക്ഷ്മവും വിശദവുമായ അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ലഖിംപൂര്‍ ഖേരി സംഭവം നടക്കുമ്പോള്‍ താന്‍ അവിടെയില്ലെന്നും തൊട്ടടുത്ത ഗ്രാമത്തില്‍ ആയിരുന്നു തുടങ്ങിയ ആശിഷ് മിശ്രയുടെ വാദങ്ങളെ പാടെ നിഷേധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.