National
ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ ഇടക്കാല ജാമ്യം നീട്ടിനല്‍കി
ജൂലൈ 11 വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്

ന്യൂഡല്‍ഹി | ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് സുപ്രീംകോടതി നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യം നീട്ടിനല്‍കി. ജൂലൈ 11 വരെയാണ് ഇടക്കാല ജാമ്യം നീട്ടിനല്‍കിയത്.
2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്. സംഭവത്തെത്തുടര്‍ന്ന് ഇത് നാല് കര്‍ഷകരടക്കം എട്ട് പേരുടെ മരണത്തിന് കാരണമായി. എന്നാല്‍, ലഖിംപൂര്‍ ഖേരി അക്രമക്കേസുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രക്കും മറ്റ് 13 പേര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
302, 307, 326, 147, 148, 149, 120 ബി, 427, 177 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രത്തില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 25നാണ് സുപ്രിം കോടതി ആശിഷിന് എട്ട് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലും പ്രവേശിക്കരുതെന്ന ഉപാദിയോടെയായിരുന്നു ഇടക്കാല ജാമ്യം.