National
ലഖിംപൂര്‍ ഖേരി ആക്രമണം: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
യുപിയിലെ രണ്ട് അഭിഭാഷകരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണത്തില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. യുപിയിലെ രണ്ട് അഭിഭാഷകരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇന്നലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത യുപി പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഉള്‍പ്പടെ മറ്റു പത്തു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ലഖിംപൂരില്‍ ആക്രമണത്തില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കാണ് കേസ് എടുത്തത്. അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മര്‍ദ്ദനത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബം കര്‍ഷകസംഘടന നേതാക്കള്‍ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. മരിച്ച കര്‍ഷകര്‍ക്ക് ആര്‍ക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.