National
ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ജയില്‍ മോചിതനായി
.മകന്റെ ജാമ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി അജയ് മിശ്ര പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

ലക്നൗ | കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയില്‍ മോചിതനായി. കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ആശിഷ് മിശ്ര ജയില്‍ മോചിതനായത്.മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ആശിഷ് മിശ്രക്ക് കോടതി ജാമ്യം അനുവദിച്ചത്.
കീഴ്ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ആശിഷ് മിശ്രയ്ക്ക് കഴിഞ്ഞയാഴ്ചയാണ് ജാമ്യം അനുവദിച്ചത്.മകന്റെ ജാമ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി അജയ് മിശ്ര പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. മകന് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ മന്ത്രി ബിജെപിക്ക് വേണ്ടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതില്‍ കര്‍ഷകരില്‍നിന്നും പ്രതിപക്ഷ നേതാക്കളില്‍നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. യു പിയിലെ ലഖിംപുരിലാണ് കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്.