National
എല്ലാമാസവും മൂന്നാം തീയതി'ലഖിംപുര്‍ കിസാന്‍ സ്മൃതി ദിവസ്'ആചരിക്കണം: സമാജ്‌വാദി പാര്‍ട്ടി
ഒക്‌ടോബര്‍ മൂന്നിലെ ലഖിംപുര്‍ കര്‍ഷകക്കൊലയും ബി.ജെ.പിയുടെ ക്രൂരതയും ഓര്‍മിപ്പിക്കുന്നതിനാണ് ലഖിംപുര്‍ കിസാന്‍ സ്മൃതി ദിവസ് ആചരിക്കുക
ലക്‌നോ| യുപിയില്‍ ലഖിംപുര്‍ ഖേരി കര്‍ഷകക്കൊല രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. എല്ലാമാസവും മൂന്നാം തീയതി ‘ലഖിംപുര്‍ കിസാന്‍ സ്മൃതി ദിവസ്’ ആചരിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒക്‌ടോബര്‍ മൂന്നിലെ ലഖിംപുര്‍ കര്‍ഷകക്കൊലയും ബി.ജെ.പിയുടെ ക്രൂരതയും ഓര്‍മിപ്പിക്കുന്നതിനാണ് ലഖിംപുര്‍ കിസാന്‍ സ്മൃതി ദിവസ് ആചരിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ലഖിംപുരില്‍ പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാലുകര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു.
നവംബര്‍ മൂന്നിന് കര്‍ഷകര്‍ക്ക് ആദരവ് അര്‍പ്പിച്ച് എല്ലാവരും ദീപം തെളിയിക്കണമെന്നും എസ്.പി ആഹ്വാനം ചെയ്തു. ലഖിംപുര്‍ കര്‍ഷക കൊലയുമായി ബന്ധപ്പെട്ട് ആശിഷ് മിശ്ര ജയിലിലാണ്. സംഭവത്തെ തുടര്‍ന്ന് യു.പിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.