Connect with us

ksrtc

കെ എസ് ആർ ടി സി വിദ്യാർഥികളുടെ യാത്രാ പാസ്സിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്

രജിസ്റ്റർ കാണാനില്ല. ഇടത് സംഘടനാ നേതാവിനെതിരെ റിപ്പോർട്ട്

Published

|

Last Updated

കോഴിക്കോട് | വിദ്യാർഥികളുടെ യാത്രാ പാസ്സിന്റെ മറവിൽ കോഴിക്കോട് കെ എസ് ആർ ടി സിയിൽ ലക്ഷങ്ങൾ വെട്ടിപ്പ്. കെ എസ് ആർ ടി സി അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിന് കീഴിലുള്ള ഔട്ട് ഓഡിറ്റ് വിഭാഗമാണ് വെട്ടിപ്പ് കണ്ടെത്തിയത്. ഡിപ്പോയിലെ ടിക്കറ്റ് ഇഷ്യൂവർ പി സി ലോഹിതാക്ഷനെതിരെയാണ് ഓഡിറ്റ് വിഭാഗം കെ എസ് ആർ ടി സി. എം ഡിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഇദ്ദേഹം കഴിഞ്ഞ ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.

2018 മുതൽ 2020 വരെയുള്ള വർഷങ്ങളിലാണ് ക്രമക്കേട് നടന്നത്. വിദ്യാർഥികൾക്ക് യാത്രാ പാസ്സ് അനുവദിക്കൽ, പാസ്സ് പുതുക്കി നൽകൽ, പാസ്സ് പുതുക്കാൻ വൈകിയവരിൽ നിന്ന് പിഴ ഈടാക്കൽ എന്നിവയിലാണ് ക്രമക്കേട് നടത്തിയത്. ഈടാക്കിയ പണം രജിസ്റ്ററിൽ വരവ് വെച്ചിട്ടില്ലെന്നും കൂടുതൽ തുക ഈടാക്കിയെന്നും അന്വേഷണത്തിൽ വ്യക്തമായി. ക്രമക്കേടിന് വിധേയമായ രേഖകൾ കെ എസ് ആർ ടി സി ഓഫീസിൽ കാണാനില്ലെന്നും വിവരമുണ്ട്.

ഇടത് തൊഴിലാളി സംഘടനയുടെ എംപ്ലോയീസ് അസ്സോസിയേഷൻ പ്രസിഡന്റ്കൂടിയായിരുന്നു ലോഹിതാഷൻ. ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നതെന്നും എന്നാൽ തുക എത്രയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഒ എ ഡി വിഭാഗം ഉദ്യോഗസ്ഥർ സിറാജിനോട് പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി, ക്രമക്കേട് നടന്ന കാലയളവിൽ പാസ്സ് വാങ്ങിയ വിദ്യാർഥികളെ കണ്ടെത്തി അന്വേഷണം നടത്താനുള്ള ശ്രമം നടക്കുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം പോലീസ് നടപടിയുണ്ടാകുമെന്നാണ് സൂചന.

---- facebook comment plugin here -----

Latest