Kuwait
ലക്ഷക്കണക്കിന് സിവിൽ ഐ ഡി കാർഡുകൾ ഓഫീസിൽ കെട്ടിക്കിടക്കുന്നു
കാർഡ് ഉടമകൾ ഇവ എത്രയും പെട്ടെന്ന് മെഷീനുകളിൽ നിന്ന് ശേഖരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കുവൈത്ത് സിറ്റി | കുവൈത്തിൽ സിവിൽ ഐ ഡി ഓഫീസുകളിലെ മെഷീനുകളിൽ ഇപ്പോഴും 1,94,000 സിവിൽ ഐ ഡി കാർഡുകൾ കെട്ടിക്കിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വക്താവ് ഖാലിദ് അൽ ശമ്മരി പറഞ്ഞു. സുഗമമായ പ്രവർത്തനത്തിനും വിതരണത്തിനും കാർഡ് ഉടമകൾ ഇവ എത്രയും പെട്ടെന്ന് മെഷീനുകളിൽ നിന്ന് ശേഖരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നിലവിൽ മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഉപഭോക്താക്കളുടെ എണ്ണം 30 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഔദ്യോഗിക ഇടപാടുകൾക്കും സ്വകാര്യ മേഖലയിലെ ബേങ്ക് ഇടപാടുകൾക്കും മറ്റുമായി സിവിൽ ഐ ഡി കാർഡിന് ബദലായി മൈ ഐഡൻറ്റി ആപ്പ് പരിഗണിക്കുന്നുമുണ്ട്.
അപേക്ഷ സമർപ്പിച്ച അന്ന് മുതൽ മൂന്ന് പ്രവൃത്തി ദിവസത്തിനകം ഐ ഡി നൽകിവരുന്നുണ്ട്. സിവിൽ ഐ ഡി കാർഡ് ഡെലിവറി സേവനം പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനായുള്ള ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.